പള്ളിയിലേക്ക് പോകുംവഴി കന്യാസ്ത്രീയെ അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്തു; കടുത്ത പ്രതിഷേധവുമായി കത്തോലിക്കാ സഭ

ടെക്സാസ്: പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ പോയ കത്തോലിക്കാ സന്യാസിനിയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥർ റോഡിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. ടെക്സാസിലെ മക്അലനിലുള്ള ‘അവർ ലേഡി ഓഫ് സോറോസ്’ പള്ളിയിലേക്ക് നടന്നുപോകുകയായിരുന്ന സിസ്റ്റർ ലെറ്റീഷ്യ ഉഗ്ബോജയെയാണ് ഞായറാഴ്ച രാവിലെ ഇമിഗ്രേഷൻ വിഭാഗം കൈവിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്തത്.

നൈജീരിയൻ സ്വദേശിയായ സിസ്റ്റർ ലെറ്റീഷ്യ കഴിഞ്ഞ 10 വർഷമായി ടെക്സാസിൽ രജിസ്റ്റേഡ് നഴ്സായും നഴ്സിംഗ് അസിസ്റ്റൻ്റായും സേവനമനുഷ്ഠിച്ചുവരികയാണ്. ‘ഡോട്ടേഴ്സ് ഓഫ് മേരി മദർ ഓഫ് മേഴ്സി’ സന്യാസിനി സമൂഹത്തിലെ അംഗമായ ഇവർ പ്രദേശത്ത് സന്നദ്ധപ്രവർത്തനങ്ങളിലും സജീവമാണ്.

കന്യാസ്ത്രീയെ കസ്റ്റഡിയിലെടുത്ത വിവരം പുറത്തുവന്നതോടെ ജനപ്രതിനിധികളും സഭാ നേതൃത്വവും അടിയന്തരമായി ഇടപെട്ടു. റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി മോണിക്ക ഡി ലാ ക്രൂസ്, ഡെമോക്രാറ്റിക് പ്രതിനിധി ഹെൻറി ക്വല്ലർ എന്നിവർ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകൾക്കകം സിസ്റ്ററെ മോചിപ്പിച്ചു. “ഇമിഗ്രേഷൻ നിയമങ്ങൾ അക്രമകാരികളായ കുറ്റവാളികളെ പിടികൂടാനാണ് ഉപയോഗിക്കേണ്ടത്, അല്ലാതെ പള്ളിയിൽ പോകുന്ന കന്യാസ്ത്രീകളെയല്ല. അവർ സമൂഹത്തിന് ഭീഷണിയല്ല,” എന്ന് മോണിക്ക ഡി ലാ ക്രൂസ് ഫേസ്ബുക്കിൽ കുറിച്ചു.

അറസ്റ്റ് നടപടിയെ ബ്രൗൺസ്‌വില്ലെ കാത്തലിക് രൂപതാ ബിഷപ്പ് ഡാനിയൽ ഇ. ഫ്ലോറസ് ശക്തമായി അപലപിച്ചു. “ഒരു ഞായറാഴ്ച രാവിലെ സമാധാനപരമായി പള്ളിയിലേക്ക് നടന്നുപോകുന്ന ഒരു സന്യാസിനിയെ തെരുവിൽ വെച്ച് വിലങ്ങുവെക്കാൻ ഇവിടുത്തെ നിയമങ്ങൾക്ക് സാധിക്കുന്നുവെങ്കിൽ, ആ നിയമസംവിധാനം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് ഉടനടി പരിഷ്കരിക്കേണ്ടതുണ്ട്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, എന്ത് സാഹചര്യത്തിലാണ് സിസ്റ്ററെ അറസ്റ്റ് ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വ്യക്തത തേടി മാധ്യമങ്ങൾ സമീപിച്ചെങ്കിലും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് കത്തോലിക്കാ രൂപത അറിയിച്ചു.

Nun arrested by US immigration on her way to church; Catholic Church strongly protests

More Stories from this section

family-dental
witywide