
വാഷിംഗ്ടൺ: മനുഷ്യന്‍റെ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഏജന്‍റുകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ. ‘എൻവിഡിയ ഓപ്പൺ ഏജന്റ് സേഫ്റ്റി പ്ലാറ്റ്‌ഫോം’ (NVIDIA Open Agent Safety Platform) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം നൂറിലധികം വ്യവസായ പങ്കാളികളുമായി സഹകരിച്ചാണ് എൻവിഡിയ പുറത്തിറക്കിയത്.
എഐ ഏജന്റുകൾ മറ്റ് കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, വരുന്ന ദശാബ്‍ദത്തിനുള്ളിൽ ഇത്തരം സാങ്കേതികവിദ്യകൾ മനുഷ്യരാശിക്കുതന്നെ ഭീഷണിയായേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സർക്കാരുകൾ എഐ സാങ്കേതികവിദ്യയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് എൻവിഡിയ വിയോജിക്കുന്നു.
എഐ സുരക്ഷിതത്വം ഉറപ്പാക്കിയാൽ മാത്രമേ അതിന്റെ പൂർണ്ണമായ സാധ്യതകൾ സമൂഹത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കൂ എന്ന് എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വ്യക്തമാക്കി. എ.ഐയുടെ വികസനം മുന്നേറുമ്പോൾ തന്നെ അതിന്റെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങളും വേഗത്തിൽ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.














