അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയതിന് തെളിവുകളില്ലെന്ന് ബരാക് ഒബാമ; ഏരിയ 51-നെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളി മുൻ അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടൺ: അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചതിനോ മനുഷ്യരുമായി സമ്പർക്കം പുലർത്തിയതിനോ യാതൊരുവിധ തെളിവുകളും തന്റെ മുന്നിലില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന രീതിയിലായിരുന്നു ഒബാമയുടെ മുൻപത്തെ സംസാരമെന്ന തരത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു.

യുഎസ് പോഡ്കാസ്റ്റ് അവതാരകനായ ബ്രയാൻ ടൈലർ കോഹനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ മനസ്സ് തുറന്നത്. മിനസോട്ടയിലെ ഇമിഗ്രേഷൻ ഏജന്റുമാരുടെ നടപടികൾ ഉൾപ്പെടെയുള്ള അതീവ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്ത അഭിമുഖത്തിന്റെ അവസാന ഭാഗത്തായിരുന്നു അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. അന്യഗ്രഹജീവികൾ യഥാർത്ഥമാണോ എന്ന അവതാരകന്റെ ചോദ്യത്തിന്, അവ യഥാർത്ഥമായിരിക്കാം പക്ഷേ താൻ അവയെ നേരിട്ട് കണ്ടിട്ടില്ലെന്നായിരുന്നു ഒബാമയുടെ മറുപടി.

അമേരിക്കയിലെ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക കേന്ദ്രമായ ‘ഏരിയ 51’-ൽ അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന കാലങ്ങളായുള്ള അഭ്യൂഹങ്ങളെയും ഒബാമ തള്ളിക്കളഞ്ഞു. അത്തരത്തിൽ ഭൂഗർഭ താവളങ്ങളൊന്നും അവിടെയില്ലെന്നും, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവെച്ച വലിയൊരു ഗൂഢാലോചനയായിരിക്കുമെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു. അന്യഗ്രഹജീവികളെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമല്ലെന്ന് വ്യക്തമാക്കിയതിലൂടെ ഈ വിഷയത്തിൽ നിലനിൽക്കുന്ന അനാവശ്യ ഭീതികൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിടാനാണ് അദ്ദേഹം ശ്രമിച്ചത്.

More Stories from this section

family-dental
witywide