ഏകാധിപത്യത്തിന് തുല്യം; ഐസിഇ ഏജന്റുമാർക്കെതിരെ രൂക്ഷവിമർശനവുമായി ബരാക് ഒബാമ; മിനസോട്ടയിലെ നടപടിക്കെതിരെ കടുത്ത വിമർശനം

വാഷിംഗ്ടൺ: മിനസോട്ടയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർ നടത്തുന്ന നടപടികൾ അത്യന്തം അപകടകരമാണെന്നും ഇത് ഏകാധിപത്യ രാജ്യങ്ങളിലെയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലെയും രീതികൾക്ക് സമാനമാണെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. പ്രമുഖ പോഡ്കാസ്റ്ററായ ബ്രയാൻ ടൈലർ കോഹന് നൽകിയ അഭിമുഖത്തിലാണ് ഒബാമ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഫെഡറൽ ഏജന്റുമാരുടെ ‘തെമ്മാടിത്തപരമായ പെരുമാറ്റം’ അമേരിക്ക വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിനസോട്ടയിൽ ഏകദേശം 3,000 ഫെഡറൽ ഏജന്റുമാരെ വിന്യസിച്ചുകൊണ്ട് നടത്തുന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്നറിയപ്പെടുന്ന ഈ നീക്കം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ നടപടിക്കിടെ ഉണ്ടായ വെടിവെപ്പിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. വീടുകളിൽ കയറി ആളുകളെ പിടിച്ചിറക്കുന്നതും കണ്ണീർവാതകം പ്രയോഗിക്കുന്നതും ഉൾപ്പെടെയുള്ള ആക്രമാസക്തമായ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒബാമയുടെ പ്രതികരണം. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന പതിവ് രീതി മാറ്റി ഇത്തരം നിർണ്ണായക വിഷയങ്ങളിൽ ഒബാമ ഇടപെടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

അതേസമയം, കടുത്ത തണുപ്പിനെ പോലും അവഗണിച്ച് ഭരണകൂടത്തിന്റെ ഇത്തരം നടപടികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന മിനസോട്ടയിലെ ജനങ്ങൾ രാജ്യത്തിന് പ്രതീക്ഷ നൽകുന്നവരാണെന്ന് ഒബാമ പറഞ്ഞു. കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഇത്രയും കാലം നടന്ന നിയമലംഘനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ സംവാദങ്ങളിലെ മര്യാദയും മാന്യതയും നഷ്ടപ്പെടുന്നതിനെക്കുറിച്ചും ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ തന്റെ ആശങ്കകൾ പങ്കുവെച്ചു.

More Stories from this section

family-dental
witywide