ട്രംപിന്റെ വാക്കുകൾ പോലും കരുത്താകുന്നില്ല! എണ്ണവില ബാരലിന് 150 ഡോളറിലേക്ക് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

വാഷിം​ഗ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനുമായി തുടരുന്ന യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നു. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നിലവിലെ തടസങ്ങൾ ഇതേപോലെ തുടരുകയാണെങ്കിൽ വിലക്കയറ്റം നിയന്ത്രിക്കാനാവില്ലെന്ന് പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിലെ മിഡിൽ ഈസ്റ്റ് എനർജി വിഭാഗം മേധാവി ആമിന ബക്കർ സിഎൻഎന്നിനോട് പ്രതികരിച്ചു.

യുദ്ധം ഉടൻ അവസാനിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളെത്തുടർന്ന് എണ്ണവില 100 ഡോളറിന് താഴേക്ക് വന്നിരുന്നെങ്കിലും വിപണിയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. സുരക്ഷാ ഭീഷണിയെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും ഉൽപ്പാദനം നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആമിന ബക്കർ ചൂണ്ടിക്കാട്ടി. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അമേരിക്കൻ നാവികസേന സുരക്ഷ നൽകുമെന്ന പ്രസിഡന്റിന്റെ ഉറപ്പും കപ്പൽ കമ്പനികൾക്കിടയിൽ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല.

യുദ്ധം അവസാനിക്കാറായെന്ന ട്രംപിന്റെ വാക്കുകൾ വിശ്വസിച്ച് കപ്പലുകൾ അപകടസാധ്യതയുള്ള ഈ പാതയിലൂടെ സഞ്ചരിക്കാൻ ധൈര്യം കാണിക്കുന്നില്ല എന്നതാണ് നിലവിലെ യാഥാർത്ഥ്യം. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ വിപണിയിൽ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാൻ ഇത്തരം പ്രസ്താവനകൾക്ക് സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ വരും ആഴ്ചകൾ ആഗോള സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമായിരിക്കും.

More Stories from this section

family-dental
witywide