ഖാർഗ് ദ്വീപിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇറാൻ, അമേരിക്കൻ വാദങ്ങളെല്ലാം തള്ളി; പൂർണ്ണമായും ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട ട്രംപിന് മറുപടി

ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന വാദങ്ങൾ തള്ളി ഇറാൻ ഭരണകൂടം. ഖാർഗ് ദ്വീപിലെ എണ്ണ ഉൽപ്പാദനവും കയറ്റുമതിയും സാധാരണ നിലയിൽ തുടരുകയാണെന്നും ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും എണ്ണക്കമ്പനികൾക്ക് ഉണ്ടായിട്ടില്ലെന്നും ബുഷെഹർ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ ഇഹ്‌സാൻ ജഹാനിയാൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ‘പൂർണ്ണമായും ഇല്ലാതാക്കി’ എന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.

ഖാർഗ് ദ്വീപിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും സൈനികർക്കോ സാധാരണക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും ഇറാൻ വാർത്താ ഏജൻസിയായ നൂർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദ്വീപിലെ എയർപോർട്ട് കൺട്രോൾ ടവർ, ഹെലികോപ്റ്റർ ഹാങ്കറുകൾ എന്നിവ ലക്ഷ്യം വെച്ചാണ് അമേരിക്ക ആക്രമണം നടത്തിയതെങ്കിലും അവയൊന്നും എണ്ണക്കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്നാണ് ഇറാന്റെ പക്ഷം. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിനെ തൊട്ടാൽ അമേരിക്കയുടെ മേഖലയിലെ എല്ലാ എണ്ണ കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡുകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടസപ്പെടുത്തുന്നത് തുടർന്നാൽ ദ്വീപിലെ എണ്ണക്കമ്പനികളെയും ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിൽ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് തകർത്തതെന്നായിരുന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ‘വിവര യുദ്ധം’ ആഗോള എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ ആക്രമണം ഫലപ്രദമായില്ലെന്ന് വരുത്തിത്തീർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide