എണ്ണവില 100 ഡോളറിന് മുകളിൽ; മധ്യപൂർവ സംഘർഷത്തിനിടെ യുഎസ് ചുഴലിക്കാറ്റും ഭീഷണിയാകുന്നു

മധ്യപൂർവ മേഖലയിലെ സംഘർഷവും യുഎസിലെ പ്രധാന എണ്ണ ഉൽപാദന മേഖലകളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റും ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നു. ബുധനാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 35 സെന്റ് ഉയർന്ന് ബാരലിന് 100.93 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില 15 സെന്റ് ഉയർന്ന് 89.59 ഡോളറിലുമെത്തി.

മധ്യപൂർവ മേഖലയിൽ നിന്നുള്ള എണ്ണവിതരണം അടുത്തിടെ മെച്ചപ്പെട്ടെങ്കിലും യുദ്ധവും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുന്നതിനാൽ ഈ നില എത്രകാലം നിലനിൽക്കുമെന്നതിൽ വിപണിക്ക് ആശങ്കയുണ്ട്. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിലൂടെയുള്ള എണ്ണ നീക്കം പ്രതിദിനം 58 ലക്ഷം ബാരലായി ഉയർന്നതായി സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.

അതേസമയം, സൗദിയും ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ജസാൻ, നജ്റാൻ വിമാനത്താവളങ്ങൾ ആക്രമിക്കപ്പെട്ടതായി സൗദി അധികൃതർ അറിയിച്ചു. മേഖലയിൽ പുതിയ വിതരണ തടസ്സമുണ്ടായാൽ എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ. ഇതിനിടെ മെക്സിക്കോ ഉൾക്കടലിൽ രൂപപ്പെടുന്ന കൊടുങ്കാറ്റ് 2026ലെ ആദ്യ അറ്റ്ലാന്റിക് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് യുഎസ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

പ്രധാന എണ്ണ-വാതക ഉൽപാദന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന യുഎസ് ഗൾഫ് മേഖലയിലേക്കാണ് ഇത് നീങ്ങുന്നത്. കൊടുങ്കാറ്റിന്റെ പാതയിൽ വരുന്ന കടൽമേഖലയിൽ യുഎസ് ക്രൂഡ് ഓയിൽ ഉൽപാദനത്തിന്റെ ഏകദേശം 15 ശതമാനവും പ്രകൃതി വാതക ഉൽപാദനത്തിന്റെ അഞ്ച് ശതമാനവും നടക്കുന്നു. ചുഴലിക്കാറ്റ് ശക്തമായാൽ ഉൽപാദനത്തിലും എണ്ണ ശുദ്ധീകരണത്തിലും താൽക്കാലിക തടസ്സമുണ്ടാകാം. ഗൾഫ് മേഖലയിലെ റിഫൈനറികൾ രാജ്യത്തിന്റെ ആകെ ശുദ്ധീകരണ ശേഷിയുടെ ഏകദേശം പകുതി കൈകാര്യം ചെയ്യുന്നതിനാൽ ഇതും എണ്ണവിലയെ സ്വാധീനിച്ചേക്കും.

മധ്യപൂർവ മേഖലയിലെ സംഘർഷം, കപ്പൽ ആക്രമണങ്ങൾ, യുഎസ്-ഇറാൻ ബന്ധത്തിലെ സംഘർഷാവസ്ഥ, പുതിയ ചുഴലിക്കാറ്റ് ഭീഷണി എന്നിവയാണ് നിലവിൽ എണ്ണവിപണിയിലെ പ്രധാന ആശങ്കകൾ. വിതരണത്തിലെ അനിശ്ചിതത്വമാണ് ബ്രെന്റ് വില 100 ഡോളറിന് മുകളിൽ തുടരാനുള്ള പ്രധാന കാരണം.

Oil price today: Why Brent is above $100 as US hurricane threatens oil supply

More Stories from this section

family-dental
witywide