
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മീം കോയിൻ’ ക്രിപ്റ്റോകറൻസി പ്രോത്സാഹിപ്പിക്കുന്നതിനായി ട്രംപ് ഓർഗനൈസേഷൻ വിർജീനിയയിലെ ഗോൾഫ് ക്ലബ്ബിൽ അതീവ രഹസ്യവും പ്രത്യേകവുമായ അത്താഴവിരുന്ന് സംഘടിപ്പിച്ചു. $TRUMP മീം കോയിനിൽ വൻതുക നിക്ഷേപിച്ചവർക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
പരിപാടിയുടെ വെബ്സൈറ്റിൽ ട്രംപിനെ പ്രധാന പ്രഭാഷകനായി പ്രഖ്യാപിച്ചിരുന്നെങ്കിലും, അദ്ദേഹം വിരുന്നിൽ നേരിട്ട് പങ്കെടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയത്തിൽ പ്രതികരിക്കാൻ വൈറ്റ് ഹൗസോ പരിപാടിയുടെ സംഘാടകരായ സി.ഐ.സി ഡിജിറ്റൽ, ഫൈറ്റ് ഫൈറ്റ് ഫൈറ്റ് എൽ.എൽ.സി എന്നീ കമ്പനികളോ തയ്യാറായില്ല.
ഏറ്റവും കൂടുതൽ $TRUMP കോയിനുകൾ കൈവശമുള്ള 185 പേർക്കായി ഒരുക്കിയ ‘ഇതിഹാസങ്ങളുടെ സായാഹ്നത്തിൽ’ ബോക്സിംഗ് താരം ഫ്ലോയ്ഡ് മെയ്വെതർ, മെന്റലിസ്റ്റ് ലിയോർ സുചാർഡ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആദ്യ 29 സ്ഥാനക്കാർക്ക് പ്രത്യേക വി.ഐ.പി സ്വീകരണവും, ആദ്യ നാല് പേർക്ക് 18 കാരറ്റ് സ്വർണ്ണത്തിലുള്ള ട്രംപ് വാച്ചും വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ 2.24 ലക്ഷത്തോളം പേർ ഈ കോയിൻ കൈവശം വെച്ചിട്ടുണ്ടെങ്കിലും, അടുത്തിടെ ഇതിന്റെ വിപണി മൂല്യത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പ്രസിഡന്റ് പദവി സാമ്പത്തിക ലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന രൂക്ഷവിമർശനമാണ് ഡെമോക്രാറ്റിക് പാർട്ടി ഉന്നയിക്കുന്നത്. സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിക്കുന്നത് പരിഹരിക്കുന്നതിന് പകരം, തട്ടിപ്പിലൂടെ സ്വന്തം കീശ വീർപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ ആരോപിച്ചു. വൈറ്റ് ഹൗസിന് മുന്നിൽ ‘വിൽപ്പനയ്ക്ക്’ എന്ന ബോർഡ് തൂക്കിയിരിക്കുകയാണ് ട്രംപെന്നും അദ്ദേഹം പരിഹസിച്ചു. ജനുവരിയിൽ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഈ ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡെമോക്രാറ്റുകളുടെ നീക്കം. പണം നൽകി സ്വാധീനം നേടുന്ന ഏർപ്പാടാണിതെന്ന് വാഷിംഗ്ടണിലെ സന്നദ്ധ സംഘടനയായ ‘ക്രൂ’ പ്രസിഡന്റ് ഡോണൾഡ് ഷെർമാനും കുറ്റപ്പെടുത്തി.
അതേസമയം, രണ്ടാം ടേം ആരംഭിച്ചതിന് ശേഷം ക്രിപ്റ്റോകറൻസിയിലൂടെ തന്റെ ആസ്തി 3 ബില്യൺ ഡോളർ വർദ്ധിച്ചതിനെ ട്രംപ് നേരത്തെ ന്യായീകരിച്ചിരുന്നു. മുൻ പ്രസിഡന്റുമാരും അക്കാലത്തെ വ്യവസായങ്ങളിലൂടെ സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മീം കോയിൻ സംരംഭത്തിന് രാഷ്ട്രീയവുമായോ സർക്കാർ ഏജൻസികളുമായോ യാതൊരു ബന്ധവുമില്ലെന്നാണ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം.
Trump hosts ultra-secret party for ‘meme coin’ holders; critics allege abuse of power, while Trump seeks to recover lost market value.















