
വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആക്രമണം നടത്തില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള ഓഹരി വിപണികളിൽ വൻ മുന്നേറ്റം. നയതന്ത്ര ചർച്ചകളുടെ ഫലം പുറത്തുവരുന്നത് വരെ സൈനിക നടപടികൾ നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം നിക്ഷേപകർക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു.
അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ് സൂചിക 975 പോയിന്റ് അഥവാ 2.1 ശതമാനം ഉയർന്നു. എസ് ആൻഡ് പി 500 സൂചിക രണ്ട് ശതമാനവും നാസ്‌ഡാക് 2.3 ശതമാനവും നേട്ടമുണ്ടാക്കി. കഴിഞ്ഞ വെള്ളിയാഴ്ച തകർച്ചയുടെ വക്കിലെത്തിയിരുന്ന നാസ്‌ഡാക് ഇതോടെ കരുത്തുറ്റ തിരിച്ചുവരവാണ് നടത്തിയത്. എണ്ണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 10.1 ശതമാനം കുറഞ്ഞ് 100.87 ഡോളറിലെത്തി. ഒരു ഘട്ടത്തിൽ വില 96 ഡോളറിലേക്ക് വരെ താഴ്ന്നിരുന്നു. യുഎസ് ക്രൂഡ് വില 9.5 ശതമാനം ഇടിഞ്ഞ് 88.90 ഡോളറായി.
തിങ്കളാഴ്ച പുലർച്ചെ ട്രംപിന്റെ പ്രഖ്യാപനം വന്നയുടൻ വിപണികൾ ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാൽ ഇസ്രായേൽ പ്രതിരോധ സേന ടെഹ്‌റാനിൽ ആക്രമണം തുടരുന്നതായും ട്രംപിന്റെ വാദങ്ങളോട് ഇറാൻ യോജിക്കുന്നില്ലെന്നുമുള്ള വാർത്തകൾ പുറത്തുവന്നതോടെ വിപണിയിലെ ആവേശം നേരിയ തോതിൽ കുറഞ്ഞു. യൂറോപ്യൻ വിപണികളിലും സമാനമായ മുന്നേറ്റം പ്രകടമായി. ജർമ്മനിയുടെ ഡാക്സ് സൂചിക 1.8 ശതമാനം വർദ്ധിച്ചു. സ്വർണ്ണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ യുഎസ് ഡോളർ സൂചികയും ബോണ്ട് യീൽഡും താഴേക്ക് പോയി.













