അമേരിക്കയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു! എണ്ണവില കുതിച്ചുയരുന്നു; ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് 103 ഡോളർ കടന്നു

വാഷിം​ഗ്ടൺ: മിഡിൽ ഈസ്റ്റിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനെങ്ങും സുരക്ഷിതമാകില്ലെന്ന ഇറാന്റെ പ്രഖ്യാപനം വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില മൂന്ന് ശതമാനത്തോളം വർദ്ധിച്ച് ബാരലിന് 103 ഡോളറിന് മുകളിലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ഇത് നാല് ശതമാനത്തിലേറെ ഉയർന്നിരുന്നു. യുഎസ് സൂചികയായ ഡബ്ല്യു.ടി.ഐ വിലയും മൂന്ന് ശതമാനം വർദ്ധിച്ച് ബാരലിന് 96 ഡോളറിലെത്തി.

അമേരിക്കയിലെ ഇന്ധനവിലയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്. ഗ്യാസോലിൻ വില ഗാലന് 7 സെന്റ് വർദ്ധിച്ച് 3.79 ഡോളറിലെത്തിയതായി അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ അറിയിച്ചു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഹോർമുസ് കടലിടുക്കിലെ സാഹചര്യം ഇനി പഴയപടിയാകില്ലെന്നും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കിയതോടെയാണ് വിപണിയിൽ അനിശ്ചിതത്വം വർദ്ധിച്ചത്.

യുണൈറ്റഡ് അറബ് എമിറേറ്റസിലെ ഷാ പ്രകൃതിവാതക പാടത്തിനും പ്രധാന എണ്ണ തുറമുഖത്തിനും നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ഭീതി പരത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇറാഖിലെ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണവും ഗൾഫ് മേഖലയിൽ മറ്റൊരു കപ്പലിന് നേരെ അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള മിസൈൽ പതനവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇന്ധന വിതരണ ശൃംഖല നേരിടുന്ന ഈ വെല്ലുവിളികൾ വരും ദിവസങ്ങളിലും ആഗോള സാമ്പത്തിക മേഖലയിൽ കനത്ത ആഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide