ഓസ്കാർ വേദിയിൽ തിളങ്ങി ‘സിന്നേഴ്സ്’ ചരിത്രനേട്ടവുമായി റയാൻ കൂഗ്ലർ ചിത്രം; മികച്ച നടൻ മൈക്കൽ ബി. ജോർദാൻ, നടി ജെസ്സി ബക്ക്ലി, ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രം

ലോസ് ഏഞ്ചൽസ്: തൊണ്ണൂറ്റിയെട്ടാമത് അക്കാദമി അവാർഡ് വേദിയിൽ റയാൻ കൂഗ്ലറുടെ വാമ്പയർ ഹൊറർ ചിത്രമായ ”സിന്നേഴ്സ്” (Sinners) വൻ മുന്നേറ്റം നടത്തുന്നു. മികച്ച നടൻ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ഈ വർഷത്തെ ഓസ്കാർ രാത്രിയെ ആവേശഭരിതമാക്കിയിരിക്കുകയാണ്.

ചിത്രത്തിലെ മികച്ച പ്രകടനത്തിന് മൈക്കൽ ബി. ജോർദാൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി, ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

യുവതാരം തിമോത്തി ഷാലമെയും മൈക്കൽ ബി ജോർദാനും തമ്മിലായിരുന്നു അവസാന നിമിഷം വരെ കടുത്ത മത്സരം നടന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു വാമ്പയർ ചിത്രമാണ് ‘സിന്നേഴ്സ്’. ചിത്രത്തിൽ ഇരട്ട സഹോദരങ്ങളായാണ് ജോർദാൻ വേഷമിട്ടത്. ഉത്തരവാദിത്തബോധമുള്ള ‘സ്മോക്’, മുൻകോപിയും വികാരാധീനനുമായ ‘സ്റ്റാക്ക്’ എന്നീ വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ അദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചു.

കഥാപാത്രങ്ങൾ തമ്മിലുള്ള വ്യത്യാസം കൃത്യമായി കൊണ്ടുവരാൻ ജോർദാൻ നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ച്, സ്റ്റാക്കിന്റെ അസ്വസ്ഥതയും ചടുലതയും പ്രതിഫലിപ്പിക്കാൻ തനിക്ക് പാകമല്ലാത്ത ചെറിയ ഷൂസുകൾ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചത്. കരിയറിലെ തന്റെ ആദ്യ ഓസ്കാർ നോമിനേഷനിൽ തന്നെ പുരസ്കാരം നേടാൻ കഴിഞ്ഞത് ജോർദാന്റെ നേട്ടത്തിന് മാറ്റു കൂട്ടുന്നു.

പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മുൻഗാമികളായ കറുത്തവർഗ്ഗക്കാരായ അഭിനേതാക്കളെ അദ്ദേഹം അനുസ്മരിച്ചു. “സിഡ്നി പോയിറ്റിയർ, ഡെൻസൽ വാഷിംഗ്ടൺ, ഹാലി ബെറി, ജാമി ഫോക്സ്, ഫോറസ്റ്റ് വിറ്റാക്കർ, വിൽ സ്മിത്ത് തുടങ്ങിയ മഹാരഥന്മാർ എനിക്ക് മുന്നേ വഴിതെളിച്ചതുകൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്,” ജോർദാൻ വികാരാധീനനായി പറഞ്ഞു. മികച്ച നടനുള്ള പുരസ്കാരത്തിന് പുറമെ ഇത്തവണത്തെ ‘ആക്ടർ അവാർഡും’ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഐറിഷ് താരം ജെസ്സി ബക്ക്‌ലി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. യുകെയിലെ മാതൃദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ, എട്ടുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അമ്മ എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങൾ പങ്കുവെച്ച താരം വികാരാധീനയായാണ് സംസാരിച്ചത്. “ഒരു അമ്മയുടെ ഹൃദയത്തിലെ മനോഹരമായ ആ അരാജകത്വത്തിന് (ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു,” എന്ന് ബക്ക്‌ലി പറഞ്ഞു. ‘ഹാംനെറ്റ്’ (Hamnet) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. ചിത്രത്തിന്റെ സംവിധായിക ക്ലോയി ഷാവോയ്ക്കും എഴുത്തുകാരി മാഗി ഒഫാരലിനും താരം നന്ദി അറിയിച്ചു. “എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നിരന്തരം സൃഷ്ടികൾ നടത്തുന്ന ഒരു സ്ത്രീപരമ്പരയിൽ നിന്നാണ് നമ്മളെല്ലാം വരുന്നത്,” എന്ന് അവർ കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ തൻ്റെ പങ്കാളിയോട് കുസൃതി കലർന്ന രീതിയിൽ ബക്ക്‌ലി സംസാരിച്ചു. “നീ എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്, എനിക്ക് നിൻ്റെ കൂടെ ഇനിയും 20,000 കുഞ്ഞുങ്ങൾ കൂടി വേണം,” എന്ന അവരുടെ വാക്കുകൾ സദസ്സിൽ ചിരി പടർത്തി. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിന് ഇതുവരെ ഒരു ഓസ്കാർ പുരസ്കാരമാണ് ലഭിച്ചിട്ടുള്ളത്.

‘വെപ്പൺസ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള എമി മാഡിഗൻ ഈ വർഷത്തെ ആദ്യ പുരസ്കാരം സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ നേടി. പെന്നിൻ്റെ കരിയറിലെ മൂന്നാമത്തെ ഓസ്കാർ നേട്ടമാണിതെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.

അവതാരകൻ കോനൻ ഒബ്രിയൻ, നടൻ ജാവിയർ ബാർഡെം എന്നിവരുൾപ്പെടെ നിരവധി പേർ ഓസ്കാർ വേദിയിൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞത് ശ്രദ്ധേയമായി. അന്തരിച്ച പ്രശസ്ത താരം റോബ് റീനർ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ‘ഇൻ മെമ്മോറിയം’ വിഭാഗത്തിൽ ആദരവ് അർപ്പിച്ചു.

Oscar 2026 -Best Actor Michael B. Jordan, Actress Jesse Buckley, Best Picture ‘One Battle After Another’

More Stories from this section

family-dental
witywide