വെനിസ്വേല അതിർത്തിയിൽ 30,000 സൈനികരെ വിന്യസിച്ച് കൊളംബിയ; ഭീകരസംഘങ്ങൾക്കെതിരെ കനത്ത ജാഗ്രത, ലക്ഷ്യം രണ്ട് പ്രധാന ക്രിമിനൽ സംഘങ്ങളെ

ബൊഗോട്ട: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലായതിന് പിന്നാലെ, ഇരുരാജ്യങ്ങളും പങ്കിടുന്ന 2,200 കിലോമീറ്റർ അതിർത്തിയിൽ കൊളംബിയ കനത്ത സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഏകദേശം 30,000ത്തോളം സൈനികരെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നതെന്ന് കൊളംബിയൻ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെനിസ്വേലയിലെ അസ്ഥിരമായ സാഹചര്യം മുതലെടുത്ത് സായുധ സംഘങ്ങളും ലഹരിക്കടത്ത് മാഫിയകളും അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ അടിയന്തര നീക്കം.

അതിർത്തിയിലെ സമാധാനത്തിന് ഭീഷണിയാകുന്ന രണ്ട് പ്രധാന ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതിനാണ് സൈന്യം മുൻഗണന നൽകുന്നതെന്ന് കൊളംബിയൻ വിദേശകാര്യ മന്ത്രി പെഡ്രോ അർനൾഫോ സാഞ്ചസ് പറഞ്ഞു. നാഷണൽ ലിബറേഷൻ ആർമി, ട്രെൻ ഡി അരാഗ്വ എന്നീ ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെയാണ് പ്രധാനമായും ജാഗ്രത നിർദ്ദേശിച്ചിരിക്കുന്നത്. വെനിസ്വേലയിൽ നിന്നുള്ള അഭയാർത്ഥികളുടെ വൻ പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് നിയന്ത്രിക്കാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നടപടിയെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അതിശക്തമായി അപലപിച്ചു. ഇതൊരു പരമാധികാര രാജ്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ലാറ്റിൻ അമേരിക്കയിലെ സമാധാനം ഇത് തകർക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊളംബിയ ഐക്യരാഷ്ട്രസഭയുടെയും അമേരിക്കൻ സ്റ്റേറ്റ്സ് ഓർഗനൈസേഷന്റെയും അടിയന്തര യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. വെനിസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയെ വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും കൊളംബിയ പങ്കുവെച്ചു.

More Stories from this section

family-dental
witywide