ശീത കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ നാല്പതിലേറെ മരണങ്ങൾ, വൈദ്യുതിയില്ലാതെ 5,00,000-ത്തിലധികം ഉപഭോക്താക്കൾ

വാഷിംഗ്ടൺ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച അതിശക്തമായ ശീതകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും ഇതുവരെ 42-ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂയോർക്ക്, ടെന്നസി, ടെക്സസ് തുടങ്ങി 14-ഓളം സംസ്ഥാനങ്ങളെ ഈ പ്രകൃതിക്ഷോഭം സാരമായി ബാധിച്ചു. മരിച്ചവരിൽ പലരും അതിശൈത്യം, റോഡപകടങ്ങൾ, മഞ്ഞ് നീക്കുന്നതിനിടെയുണ്ടായ അപകടങ്ങൾ എന്നിവ മൂലമാണ് മരണപ്പെട്ടത്. ടെക്സസിൽ മഞ്ഞുമൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ച സംഭവം ഉൾപ്പെടെയുള്ള ദാരുണമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഡാളസിനടുത്തുള്ള ടെക്സസിലെ ഫ്രിസ്കോയിൽ, 16 വയസ്സുള്ള ഒരു പെൺകുട്ടി സ്ലെഡ്ഡിംഗ് അപകടത്തിൽ മരിച്ചതായി ഫ്രിസ്കോ പൊലീസ് പറഞ്ഞു. ഓസ്റ്റിൻ പ്രദേശത്ത്, ഉപേക്ഷിക്കപ്പെട്ട ഒരു ഗ്യാസ് സ്റ്റേഷൻ്റെ പാർക്കിംഗ് സ്ഥലത്ത് ഒരു ഇരയെ കൊടുംതണുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

പെൻസിൽവാനിയയിലെ ലെഹി കൗണ്ടിയിൽ, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായി കൗണ്ടി കൊറോണർ പറഞ്ഞു. ഇരകളിൽ 60 നും 84 നും ഇടയിൽ പ്രായമുള്ളവരുണ്ട്. ഇതോടെ “മഞ്ഞ് നീക്കം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്നും പ്രത്യേകിച്ച് ഹൃദ്രോഗമോ മറ്റ് മെഡിക്കൽ പ്രശ്‌നങ്ങളോ ഉള്ള വ്യക്തികളെന്നും കൊറോണർ മുന്നറിയിപ്പ് നൽകി.

ന്യൂയോർക്ക് സിറ്റിയിൽ എട്ട് പേർ മരിച്ചു, ലോംഗ് ഐലൻഡിൽ ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മരിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ന്യൂജേഴ്‌സിയിലെ വെറോണയിൽ മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണം കയ്യിൽപ്പിടിച്ച നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ടെന്നസി, ലൂസിയാന, മിസിസിപ്പി, കൻസാസ്, ഒഹായോ, സൗത്ത് കരോലിന എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, നാഷ്‌വില്ലെയിലെ വാൻഡർബിൽറ്റിലുള്ള മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഞായറാഴ്ച മുതൽ 46 കുട്ടികളെ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. അതിശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് വീടുകൾ ചൂടാക്കാൻ ജനറേറ്ററുകളും ഗ്യാസ് അടുപ്പുകളും സുരക്ഷിതമല്ലാത്ത രീതിയിൽ ഉപയോഗിച്ചതാണ് വിഷവാതകം പടരാൻ കാരണമായത്. നാഷ്‌വില്ലെയിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും സമാനമായ രീതിയിൽ കാർബൺ മോണോക്‌സൈഡ് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെടുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിറമോ ഗന്ധമോ ഇല്ലാത്തതിനാൽ ‘നിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന ഈ വാതകം ശ്വസിക്കുന്നത് തടയാൻ ജനറേറ്ററുകളും ഗ്രില്ലുകളും വീടിനുള്ളിലോ ജനലുകൾക്ക് സമീപമോ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മഞ്ഞുവീഴ്ചയെത്തുടർന്ന് മരങ്ങൾ വീണും ലൈനുകൾ പൊട്ടിയും 5,00,000-ത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായി. ടെന്നസി, മിസിസിപ്പി തുടങ്ങിയ ദക്ഷിണ സംസ്ഥാനങ്ങളിലാണ് വൈദ്യുതി തടസ്സം രൂക്ഷമായത്.

കനത്ത മഞ്ഞുവീഴ്ച കാരണം 12,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസിന്റെ ചൊവ്വാഴ്ചത്തെ വിമാനങ്ങളിൽ 25 ശതമാനവും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഡാളസ്, ബോസ്റ്റൺ, ന്യൂയോർക്ക് എന്നിവിടങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ചൊവ്വാഴ്ച അമേരിക്കയിലുടനീളം രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച അമേരിക്കയിൽ 11,000-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണ്ണമായും നിലച്ചു. ഏകദേശം 20 കോടി ജനങ്ങൾ നിലവിൽ ശൈത്യകാല മുന്നറിയിപ്പിന് കീഴിലാണ്. താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Over 40 dead in US due to cold storm and snowfall, over 500,000 customers without power

More Stories from this section

family-dental
witywide