”ധാതുക്കൾ തടിപ്പെട്ടികളിലാക്കി നൽകിയാലും ആദരവ് വിലയ്ക്ക് വാങ്ങാനാവില്ല”; ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പാക്കിസ്ഥാന് ആഭ്യന്തര വിമർശനം

ന്യൂഡൽഹി: അമേരിക്കയുമായി ഇന്ത്യ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ പാകിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയുമായി മാസങ്ങളായി നടത്തിയ ഉന്നതതല ചർച്ചകൾ പാകിസ്ഥാന് കാര്യമായ ഫലം നൽകിയില്ലെന്നാണ് വിമർശകർ പറയുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ സമാധാന നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ‘ബോർഡ് ഓഫ് പീസ്’-ൽ ഉൾപ്പെടുത്താൻ പിന്തുണ നൽകുകയും ചെയ്തിട്ടും, ഇന്ത്യയേക്കാൾ ഉയർന്ന തീരുവ ഭാരമാണ് പാകിസ്ഥാന് ലഭിച്ചത്. പാകിസ്ഥാന് 19%വും ഇന്ത്യക്ക് 18 ശതമാനവുമാണ് തീരുവ.

മാസങ്ങളോളം ട്രംപിൻ്റെ സമ്മർദ്ദത്തിന് വഴങ്ങാതെ ഇന്ത്യ സ്വന്തം നിലപാടിൽ ഉറച്ചുനിന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്ന് വെളിപ്പെടുത്തുന്നതിന് മുന്നോടിയായി ട്രംപ് ഇന്ത്യ ഗേറ്റിൻ്റെ ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മാഗസിൻ കവറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അമിതമായ പ്രീണന നയങ്ങൾ ഇല്ലാതെ തന്നെ ഇന്ത്യ മികച്ച കരാർ നേടിയെടുത്തത് പാകിസ്ഥാനിൽ വലിയ ചർച്ചയായിട്ടുണ്ട്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ബലൂചിസ്ഥാനിലെ ധാതുക്കൾ തടിപ്പെട്ടികളിലാക്കി നൽകിയാലും ആദരവ് വിലയ്ക്ക് വാങ്ങാനാവില്ല” എന്നാണ് മാധ്യമപ്രവർത്തകൻ ഇമ്രാൻ റിയാസ് ഖാൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ഇന്ത്യയുടെ വിദേശനയം സാമ്പത്തിക കരുത്തിലും വിപണി സാധ്യതയിലുമാണ് ഊന്നുന്നതെന്നും, എന്നാൽ പാകിസ്ഥാൻ്റേത് വെറും ഫോട്ടോ എടുപ്പിലും പ്രീണനത്തിലുമാണെന്ന് മുൻ മന്ത്രി ഹമ്മദ് അസ്ഹർ വിമർശിച്ചു. ജനപിന്തുണയില്ലാത്ത സർക്കാരിൻ്റെ നട്ടെല്ലില്ലായ്മയാണ് ഇതിന് കാരണമെന്ന് ഡിജിറ്റൽ ക്രിയേറ്റർ വജഹാത്ത് ഖാനും അഭിപ്രായപ്പെട്ടു.

യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഇന്ത്യ ഒപ്പുവച്ച രണ്ടു വ്യാപാര കരാറുകൾ വരും ദശകത്തിൽ ഇന്ത്യൻ കയറ്റുമതിയിൽ 150 ബില്യൺ ഡോളറിന്റെ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലേക്കുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കയറ്റുമതിയിൽ ഏകദേശം 2.6 ബില്യൺ ഡോളറിൻ്റെ കുറവുണ്ടാകാൻ ഈ കരാർ കാരണമായേക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പാകിസ്ഥാൻ്റെ വസ്ത്ര-തുണിത്തര മേഖലകളെ വലിയ പ്രതിസന്ധിയിലാക്കും.

Pakistan faces internal criticism over India-US trade deal

More Stories from this section

family-dental
witywide