
ന്യൂഡൽഹി : 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെളിപ്പെടുത്തി.
ലോകകപ്പിലെ മറ്റ് മത്സരങ്ങളിൽ പാകിസ്ഥാൻ പങ്കെടുക്കുമെങ്കിലും, ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഇസ്‌ലാമാബാദിൽ ഫെഡറൽ കാബിനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഷെരീഫ് പറഞ്ഞത് ഇങ്ങനെയാണ്: “കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ല എന്നതാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്. വളരെ ആലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഞങ്ങൾ ബംഗ്ലാദേശിനൊപ്പമാണ്. ഇതൊരു ശരിയായ തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ഫെബ്രുവരി 15-ന് നിശ്ചയിച്ചിരുന്ന ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.
പാകിസ്ഥാൻ സർക്കാരിന്റെ ഈ തീരുമാനത്തെത്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസ്താവന പുറത്തിറക്കി. ലോകകപ്പ് പോലുള്ള ഒരു ആഗോള കായിക മാമാങ്കത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണ് ഇത്തരത്തിലുള്ള ‘ഭാഗിക പങ്കാളിത്തം’ എന്ന് ഐസിസി വ്യക്തമാക്കി. എല്ലാ സ്റ്റേക്ക് ഹോൾഡർമാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള ഒരു പരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി അറിയിച്ചു. കൂടാതെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും, യോഗ്യത നേടിയ എല്ലാ ടീമുകളും തുല്യ നിബന്ധനകളോടെ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് മത്സരിക്കേണ്ടത് ആഗോള ടൂർണമെൻ്റുകളുടെ രീതിയാണെന്നും ഐസിസി കൂട്ടിച്ചേർത്തു
എന്നാൽ, ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാകിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിക്കുമ്പോൾ ഐസിസി കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും പാകിസ്ഥാൻ സ്വയം ന്യായീകരിക്കുന്നുണ്ട്.
Pakistan PM reveals reason for boycotting T20 World Cup












