
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്ക് പിന്നാലെ, യുഎസ് ഭരണകൂടത്തെ സ്വാധീനിക്കാൻ പാകിസ്ഥാൻ വൻതോതിൽ പണം ചെലവഴിച്ച് ലോബിയിംഗ് നടത്തിയതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ പാകിസ്ഥാൻ നടത്തിയ നീക്കങ്ങൾ ചർച്ചയാകുകയാണ്. സർക്കാർ തീരുമാനങ്ങളെയും നിയമനിർമ്മാണങ്ങളെയും സ്വാധീനിക്കാൻ വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ശ്രമങ്ങളെയാണ് ലോബിയിംഗ് എന്ന് വിളിക്കുന്നത്.
ഡോണൾഡ് ട്രംപിന്റെ മുൻ ബോഡിഗാർഡ് കീത്ത് ഷില്ലർ, മുൻ ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ജോർജ്ജ് സോറിയൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജാവലിൻ അഡ്വൈസേഴ്സ് (Javelin Advisors LLC) എന്ന സ്ഥാപനത്തിന് പ്രതിമാസം 50,000 ഡോളർ (ഏകദേശം 42 ലക്ഷം രൂപ) പാകിസ്ഥാൻ നൽകിയിരുന്നു എന്നാണ് റിപ്പോർട്ട്. കശ്മീർ വിഷയത്തിലും ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിലും പാകിസ്ഥാന്റെ നിലപാടുകൾ യുഎസ് കോൺഗ്രസിനും വൈറ്റ് ഹൗസിനും മുന്നിലെത്തിക്കുക എന്നതായിരുന്നു ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം.
2025 മെയ് മാസത്തിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് പിന്നാലെ, ഇന്ത്യയെ എങ്ങനെയെങ്കിലും തടയാൻ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ വൻതോതിലാണ് ലോബിയിംഗ് നടത്തിയത്. ജാവലിനെ കൂടാതെ സ്ക്വയർ പാറ്റൺ ബോഗ്സ് , സെയ്ഡൻ ലോ തുടങ്ങിയ ആറോളം പ്രമുഖ യുഎസ് ലോബിയിംഗ് സ്ഥാപനങ്ങളെ പാകിസ്ഥാൻ വാടകയ്‌ക്കെടുത്തുവെന്നാണ് വിവരം. മൊത്തം 5 ദശലക്ഷം ഡോളറോളം (ഏകദേശം 45 കോടി രൂപ) ചുരുങ്ങിയ കാലയളവിൽ പാകിസ്ഥാൻ ഇതിനായി ചെലവഴിച്ചു.
സാമ്പത്തിക സഹായം ഉറപ്പാക്കാനും FATF-ന്റെ വൈറ്റ്‌ലിസ്റ്റിൽ തുടരാനും ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ലോബിയിസ്റ്റുകളെ പാകിസ്ഥാൻ ഉപയോഗിച്ചു. കൂടാതെ, വൻതോതിലുള്ള അപൂർവ്വ ധാതുക്കളുടെ സഹകരണം വാഗ്ദാനം ചെയ്തും അമേരിക്കയുടെ പിന്തുണ നേടാൻ പാകിസ്ഥാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം തുകയാണ് യുഎസിലെ ലോബിയിംഗിനായി മാത്രം പാകിസ്ഥാൻ 2025-ൽ ചെലവാക്കിയതെന്ന് യുഎസ് നീതിന്യായ വകുപ്പിലെ (DoJ) രേഖകൾ വ്യക്തമാക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിൽ ലോബിയിംഗിനും പൊതുനയ പ്രചാരണത്തിനുമായി പാകിസ്ഥാൻ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ഇസ്ലാമാബാദ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IPRI) 900,000 ഡോളർ ചെലവഴിച്ചതായി വെളിപ്പെടുത്തുന്ന രേഖകളും പുറത്തുവന്നു. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ വിഭാഗവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കാണ് ഈ സ്ഥാപനം.
Pakistan spends huge amount of money to influence US administration after Operation Sindoor










