ക്രിപ്റ്റോയിലൂടെ ട്രംപിൻ്റെ മനം കവർന്ന് പാകിസ്ഥാൻ; ആരാണ് വൈറ്റ് ഹൗസിലേക്കുള്ള വഴി തുറന്ന ‘ക്രിപ്റ്റോ ബ്രോ’ ?

ഇസ്ലാമാബാദ്: ജനുവരിയിൽ ഇസ്‌ലാമാബാദിലെ പ്രൗഢമായ ഒരു കെട്ടിടത്തിൽ പാകിസ്ഥാനിലെ കരുത്തരായ നേതാക്കൾ ഒരു പ്രത്യേക അതിഥിയെ സ്വീകരിക്കാനായി ഒത്തുകൂടി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സഹസ്ഥാപകനായ ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ എന്ന ക്രിപ്റ്റോ പ്ലാറ്റ്‌ഫോമിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സക്കറി വിറ്റ്‌കോഫ് ആയിരുന്നു ആ അതിഥി.

സാമ്പത്തികമായി വലിയ ബാധ്യതകളില്ലാത്തതും പ്രാഥമിക ചർച്ചകൾ മാത്രം ലക്ഷ്യമിട്ടുള്ളതുമായ ഒരു ‘സ്റ്റേബിൾകോയിൻ’ കരാറിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. എങ്കിലും, അവിടെ എത്തിയ വിശിഷ്ടാതിഥികളുടെ നിര കണ്ടാൽ അതൊരു ഔദ്യോഗിക ഭരണകൂട സന്ദർശനം പോലെ തോന്നിപ്പിക്കുമായിരുന്നു. ട്രംപിൻ്റെ ഉപദേശകൻ സ്റ്റീവ് വിറ്റ്‌കോഫിൻ്റെ 32 വയസ്സുകാരനായ മകൻ സക്കറി വിറ്റ്‌കോഫിനൊപ്പം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും, രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോ ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

സാമ്പത്തിക പ്രതിസന്ധിയിലും നയതന്ത്ര ഒറ്റപ്പെടലിലും ഉഴലുന്ന പാകിസ്ഥാൻ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വൈറ്റ് ഹൗസിലേക്ക് സ്വാധീനം ചെലുത്താൻ ‘ക്രിപ്റ്റോ ഡിപ്ലോമസി’ (ക്രിപ്റ്റോ നയതന്ത്രം) ആയുധമാക്കുകയാണ്. ട്രംപ് കുടുംബത്തിൻ്റെ ക്രിപ്റ്റോ പ്ലാറ്റ്‌ഫോമായ ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യലുമായി’ കൈകോർത്താണ് പാകിസ്ഥാൻ ഈ അപ്രതീക്ഷിത നീക്കം നടത്തുന്നത്.

ആരാണ് ബിലാൽ ബിൻ സാഖിബ്

മുനീറിൻ്റെ മറുവശത്ത് നിന്നത് കഴിഞ്ഞ ഒരു വർഷത്തിനിടെ യുഎസ്-പാകിസ്ഥാൻ ബന്ധം മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒരാളായിരുന്നു: 35 വയസ്സുകാരനായ ബിലാൽ ബിൻ സാഖിബ്. കോളേജ് പഠനത്തിനായി ശൗചാലയങ്ങൾ വൃത്തിയാക്കുന്നത് ഉൾപ്പെടെ മൂന്ന് ജോലികൾ താൻ ചെയ്തിട്ടുണ്ടെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ‘ക്രിപ്‌റ്റോ ബ്രോ’, സക്കറി വിറ്റ്‌കോഫിന്റെയും മറ്റ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എക്സിക്യൂട്ടീവുകളുടെയും സന്ദർശനം പാകിസ്ഥാനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ വെച്ച് പ്രസ്താവിച്ചു.

ഒരുകാലത്ത് ലണ്ടനിൽ ടോയ്‌ലറ്റ് ക്ലീനറായി വരെ ജോലി ചെയ്തിരുന്ന സാഖിബ്, ഇന്ന് പാകിസ്ഥാൻ ഭരണകൂടത്തിൻ്റെയും ട്രംപിൻ്റെയും ഇടയിലെ പ്രധാന കണ്ണിയാണ്. ബിറ്റ്‌കോയിനെ അടിസ്ഥാനമാക്കിയുള്ള നയതന്ത്രത്തെ ‘ബിപ്ലോമസി’ എന്നാണ് സാഖിബ് വിശേഷിപ്പിക്കുന്നത്.

ഇസ്ലാമാബാദിൽ അമേരിക്കൻ പ്രസിഡൻ്റിൻ്റെ കുടുംബ ബിസിനസിന് ലഭിച്ച ഉജ്ജ്വലമായ സ്വീകരണം, ഇരുരാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ ബന്ധത്തിൻ്റെ ആഴം അടിവരയിടുന്നു. മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കാൻ സാധ്യതയുള്ള ഒരു യുദ്ധത്തിൽ, അമേരിക്കയ്ക്കും ഇറാനുമിടയിൽ ഒരു പ്രധാന മധ്യസ്ഥനായി പാകിസ്ഥാൻ ഉയർന്നുവരുന്നത് ഈ ബന്ധത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യത്തിൽ നിർണ്ണായകമായ ഒരു ഇടനിലക്കാരനായി പാകിസ്ഥാൻ മാറിയിരിക്കുകയാണ്. ഇറാൻ വിഷയത്തിൽ ഒരു 15 ഇന കർമ്മപദ്ധതി പാകിസ്ഥാൻ അമേരിക്കയ്ക്ക് കൈമാറിക്കഴിഞ്ഞു. ഏപ്രിൽ 6-നകം ഇറാൻ ഒരു ധാരണയിലെത്തിയില്ലെങ്കിൽ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ നൽകുന്ന പിന്തുണ ട്രംപ് ഭരണകൂടത്തിന് ഏറെ വിലപ്പെട്ടതാണ്.


അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയ പാകിസ്ഥാന് ഈ പുതിയ നീക്കം വലിയ ആശ്വാസമാണ്. ട്രംപിന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ മുനീറിനോടുള്ള പ്രത്യേക താൽപ്പര്യവും ഇതിന് മാറ്റുകൂട്ടുന്നു. “വ്യക്തിപരമായ ബന്ധങ്ങൾക്ക് മുൻഗണന നൽകുന്ന ട്രംപിൻ്റെ രീതിയിൽ, ക്രിപ്റ്റോയിലൂടെ നേടിയെടുത്ത ഈ സ്വാധീനം പാകിസ്ഥാന് വലിയ ഗുണം ചെയ്യും,” എന്ന് സൗത്ത് ഏഷ്യൻ വിദഗ്ധർ വിലയിരുത്തുന്നു.

വൈറ്റ് ഹൗസിൻ്റെ നയരൂപീകരണത്തിൽ വ്യക്തിപരമായ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ, സക്കറിയ വിറ്റ്‌കോഫുമായുള്ള ഇടപാടുകളിലൂടെ പാകിസ്ഥാൻ വൈറ്റ് ഹൗസിൽ നേടിയെടുത്ത സ്വാധീനം അവർക്ക് ഗുണകരമായേക്കാം എന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള അറ്റ്ലാന്റിക് കൗൺസിലിലെ സൗത്ത് ഏഷ്യ സീനിയർ ഫെലോ മൈക്കൽ കുഗൽമാൻ പറഞ്ഞു. “ഈ അസാധാരണമായ യുഎസ് ഭരണകൂടത്തിൽ, ക്രിപ്റ്റോ പോലുള്ള അസാധാരണമായ ഘടകങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളെ സഹായിച്ചേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം വരെ അധികം അറിയപ്പെടാതിരുന്ന സാഖിബ് പെട്ടെന്നുതന്നെ പാകിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി മാറി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസിന്റെ സ്ഥാപകൻ ചാങ്‌പെങ് ഷാവോ ഉൾപ്പെടെയുള്ള പ്രമുഖരുമായി അദ്ദേഹം പങ്കാളിത്തമുണ്ടാക്കി. കൂടാതെ, ഫണ്ട് മാനേജർ കാത്തി വുഡ്, ബിറ്റ്‌കോയിൻ ശതകോടീശ്വരൻ മൈക്കൽ സെയ്‌ലർ, ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയാക്കിയ എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ എന്നിവരുമായും അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം, ട്രംപിൻ്റെ ഫ്ലോറിഡയിലുള്ള മാർ-എ-ലാഗോ ക്ലബ്ബിൽ വെച്ച് സക്കറി വിറ്റ്‌കോഫിനും മറ്റ് കമ്പനി എക്സിക്യൂട്ടീവുകൾക്കുമൊപ്പമുള്ള ഒരു സെൽഫി സാഖിബ് പങ്കുവെച്ചിരുന്നു. ഏകദേശം ഇതേ സമയത്താണ് മാൻഹട്ടനിലെ റൂസ്‌വെൽറ്റ് ഹോട്ടൽ നവീകരിക്കുന്നതിനായി പാകിസ്ഥാൻ അമേരിക്കയുമായി കരാറിലേർപ്പെട്ടത്. സ്റ്റീവ് വിറ്റ്‌കോഫാണ് ഈ കരാറിൽ ചർച്ചകൾ നടത്തിയത്.

‘ക്രിപ്റ്റോ കാരണം പുതിയ വാതിലുകൾ തുറക്കപ്പെട്ടു,’ സാഖിബ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘പുതിയ ചർച്ചകൾ ആരംഭിച്ചു, വിശ്വാസം കെട്ടിപ്പടുക്കപ്പെട്ടു. ഞങ്ങളുടെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഇതിലൂടെ ഒരവസരം ലഭിച്ചിരിക്കുകയാണ്. വെറുമൊരു സാങ്കേതിക വിദ്യ എന്നതിലുപരി ക്രിപ്റ്റോ കറൻസിയെ ഒരു തന്ത്രപരമായ നയതന്ത്ര ആയുധമാക്കി മാറ്റി ലോകശക്തികളുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ശ്രദ്ധേയമായ ഒരു തിരിച്ചുവരവാണ്. ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക-സാമ്പത്തിക ശക്തിയെ പ്രതിരോധിക്കാൻ അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കിയതോടെ, കഴിഞ്ഞ പതിറ്റാണ്ടിൻ്റെ ഭൂരിഭാഗവും പാകിസ്ഥാൻ നയതന്ത്രപരമായ ഒറ്റപ്പെടലിലും സാമ്പത്തിക തകർച്ചയുടെ അരികിലുമായിരുന്നു. എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ ഈ സാഹചര്യങ്ങൾ പെട്ടെന്ന് മാറി. ഇന്ത്യയുമായുള്ള ഒരു സായുധ പോരാട്ടം തടഞ്ഞതിൻ്റെ ക്രെഡിറ്റ് പാകിസ്ഥാൻ ജനറൽമാർ ട്രംപിന് നൽകി. എന്നാൽ ഇന്ത്യ ഈ അവകാശവാദം പൂർണ്ണമായും തള്ളിക്കളയുകയും ഇത് അമേരിക്കയുമായുള്ള ബന്ധത്തിൽ മാസങ്ങളോളം നീണ്ടുനിന്ന അസ്വാരസ്യങ്ങൾക്ക് കാരണമാവുകയും ചെയ്തു.

പിന്നീട് വൈറ്റ് ഹൗസ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയെങ്കിലും, ട്രംപ് ഇപ്പോഴും പാക് സൈനിക മേധാവി മുനീറിനെ പ്രശംസിക്കാറുണ്ട്. ഫെബ്രുവരിയിൽ നടന്ന ഒരു സമാധാന ബോർഡ് യോഗത്തിൽ, പാകിസ്ഥാൻ സൈനിക മേധാവിയെ “മികച്ച ജനറൽ”, “കൊള്ളാവുന്ന വ്യക്തി”, “ഗൗരവക്കാരനായ പോരാളി” എന്നൊക്കെയാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇതിന് പകരമായി ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായും മറ്റ് പ്രശംസകളുമായും പാകിസ്ഥാനും രംഗത്തെത്തി.

രണ്ട് വർഷം മുൻപ് വരെ ക്രിപ്‌റ്റോ കറൻസിയുമായി സഹകരിക്കാൻ പാകിസ്ഥാന് വലിയ താൽപ്പര്യമില്ലായിരുന്നു. തട്ടിപ്പുകൾ, പോൺസി സ്കീമുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ഏകദേശം ഒരു പതിറ്റാണ്ടോളം പാകിസ്ഥാൻ റെഗുലേറ്റർമാർ ഈ മേഖലയെ മാറ്റിനിർത്തിയിരുന്നു. ഉയർന്ന പണപ്പെരുപ്പം, കനത്ത കടബാധ്യത, വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് എന്നിവയാൽ വലഞ്ഞ പാകിസ്ഥാൻ, അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള സാമ്പത്തിക സഹായത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഈ കടം തിരിച്ചടയ്ക്കാനും രാജ്യം ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ 2024-ഓടെ ഈ മനോഭാവത്തിൽ മാറ്റം വന്നു. സാമ്പത്തിക വീണ്ടെടുപ്പിനൊപ്പം, ആഗോള നയതന്ത്രത്തിൽ ക്രിപ്റ്റോ ഒരു പ്രധാന വിലപേശൽ ഉപാധിയായി ഉപയോഗിക്കാമെന്ന് പാകിസ്ഥാൻ സൈനിക നേതൃത്വം തിരിച്ചറിയുകയായിരുന്നു. തുടർന്ന് വെർച്വൽ അസറ്റുകൾ നിയന്ത്രിക്കുന്നതിനായി രാജ്യം വേഗത്തിൽ നിയമം പാസാക്കുകയും ഒരു പ്രത്യേക റെഗുലേറ്ററെ നിയമിക്കുകയും ആഗോള എക്സ്ചേഞ്ചുകളെ ലൈസൻസിനായി ക്ഷണിക്കുകയും ചെയ്തു. കൂടാതെ, ഒരു ദേശീയ ക്രിപ്റ്റോ റിസർവ് രൂപീകരിക്കാനും രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ 5 ശതമാനത്തോളം (2,000 മെഗാവാട്ട്) ക്രിപ്റ്റോ മൈനിംഗിനായി മാറ്റിവെക്കാനും തീരുമാനിച്ചു.

പിന്നാലെ ഈ നീക്കങ്ങളുടെ ഭാഗമായി ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരാളെ ആവശ്യമായി വന്നു. അങ്ങനെയാണ് സാഖിബ് ഈ രംഗത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ അദ്ദേഹത്തിന് തുടർച്ചയായി പല പ്രധാന പദവികളും ലഭിച്ചു: ക്രിപ്റ്റോ വിഷയത്തിൽ ധനമന്ത്രിയുടെ മുഖ്യ ഉപദേശകൻ, പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിലിൻ്റെ സി.ഇ.ഒ, ബ്ലോക്ക്ചെയിൻ-ക്രിപ്റ്റോ കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി എന്നിവയായിരുന്നു അവ. ഒടുവിൽ അദ്ദേഹം പാകിസ്ഥാൻ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചെയർമാനായി നിയമിതനായി. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പാകിസ്താനിലെ ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥരിൽ ഒരാളായി അദ്ദേഹം എങ്ങനെ വളർന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. സർക്കാരിൽ ചേരാൻ ആരാണ് സമീപിച്ചതെന്ന ചോദ്യത്തിന്, ധനമന്ത്രാലയമാണെന്ന് മാത്രം സൂചിപ്പിച്ച സാഖിബ് കൂടുതൽ വിശദാംശങ്ങൾ നൽകുന്നുമില്ല. സാഖിബ് ഇതിനെ എങ്ങനെ നിർവചിച്ചാലും, പെട്ടെന്നുതന്നെ അദ്ദേഹം വലിയ വിജയങ്ങൾ കൈവരിക്കുകയാണ്. പാകിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറിൽ നിന്നുള്ള സാഖിബിന് ക്രിപ്റ്റോയിലുള്ള താല്പര്യം തുടങ്ങുന്നത് 2017-ലെ ബിറ്റ്‌കോയിൻ്റെ കുതിച്ചുചാട്ടത്തോടെയാണ്. ആ വർഷം ജനുവരിയിൽ 1,000 ഡോളറിന് താഴെയായിരുന്ന ബിറ്റ്‌കോയിൻ വർഷാവസാനത്തോടെ 14,000 ഡോളറായി ഉയർന്നിരുന്നു.

യുകെയിലും പാകിസ്താനിലുമായി സമയം ചെലവഴിച്ചിരുന്ന സാഖിബ്, ബിരുദപഠനകാലത്ത് യൂണിവേഴ്സിറ്റിയിലെ പലചരക്ക് കടയിൽ കാഷ്യറായും സാധനങ്ങൾ അടുക്കിവെക്കുന്നവനായും ടോയ്‌ലറ്റ് വൃത്തിയാക്കുന്നവനായും ഒരേസമയം മൂന്ന് ജോലികൾ ചെയ്തിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. അദ്ദേഹം ടെഡ് ടോക്കുകളിൽ പ്രസംഗിക്കുകയും ഫോർബ്സ് മാസികയുടെ അംഗീകാരം നേടുകയും ചെയ്തു. സഹോദരനുമായി ചേർന്ന് സ്ഥാപിച്ച ‘തയാബ’ എന്ന ചാരിറ്റിയിലൂടെ പാവപ്പെട്ട സ്ത്രീകൾക്ക് കുടിവെള്ളം എത്തിക്കാൻ സഹായിച്ചതിനാണ് ഈ അംഗീകാരം ലഭിച്ചത്.

കോവിഡ് സമയത്ത് യുകെയിലായിരുന്നപ്പോൾ, ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും ഭക്ഷണം എത്തിക്കുന്നതിനായി ‘വൺ മില്യൺ മീൽസ്’ എന്ന ക്യാമ്പയിൻ സാഖിബ് സഹസ്ഥാപിച്ചു. ഈ പ്രവർത്തനം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെയും രാജകുടുംബത്തിൻ്റെയും പ്രശംസ പിടിച്ചുപറ്റി. ഇതിനെത്തുടർന്ന് രാജകുടുംബം അദ്ദേഹത്തിന് ‘മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ’ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു. സാമൂഹിക സേവനത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെങ്കിലും, ക്രിപ്റ്റോ മേഖലയിൽ ചുവടുറപ്പിക്കാൻ സാഖിബ് ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്. എന്തായാലും പാക്കിസ്ഥാന് കിട്ടിയ ‘ഭാഗ്യത്തെ’ അവർ നന്നായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും അമേരിക്കയെ ചേർത്തു നിർത്തുനിർത്തുന്നതിൽ.

Pakistan wins Trump’s heart with crypto; Who is the ‘crypto bro’ who paved the way to the White House?

More Stories from this section

family-dental
witywide