“കുടുംബത്തെ ഭീഷണിപ്പെടുത്തി ഇറാൻ ചാരനാക്കി”: ട്രംപ് വധഗൂഢാലോചനക്കേസിൽ പാക് പൗരൻ്റെ വെളിപ്പെടുത്തൽ, ആരാണ് ആസിഫ് മെർച്ചൻ്റ്?

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വധിക്കാനുള്ള ഗൂഢാലോചനയിൽ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തന്നെ നിർബന്ധിച്ച് ഉൾപ്പെടുത്തിയതാണെന്ന് 47-കാരനായ പാകിസ്താനി ബിസിനസുകാരൻ ആസിഫ് മെർച്ചൻ്റ് കോടതിയിൽ. ഭീകരവാദം, വാടകക്കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് മെർച്ചന്റിന് മേൽ ചുമത്തിയിരിക്കുന്നത്. പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും രേഖകൾ മോഷ്ടിക്കാനും പണം വെളുപ്പിക്കാനും കൊലപാതകത്തിന് ആളെ കണ്ടെത്താനും ഇയാൾ അമേരിക്കയിൽ ശ്രമിച്ചുവെന്ന് പ്രൊസിക്യൂട്ടർമാർ ആരോപിക്കുന്നു. എന്നാൽ താൻ നിരപരാധിയാണെന്നാണ് മെർച്ചൻ്റ് കോടതിയിൽ വാദിച്ചത്. ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ വിചാരണ നേരിടുകയാണ് ഇയാൾ.

ഉർദു പരിഭാഷകൻ്റെ സഹായത്തോടെ കോടതിയിൽ സംസാരിച്ച മെർച്ചൻ്റ്, തനിക്ക് ഈ പദ്ധതിയിൽ പങ്കുചേരാൻ താല്പര്യമില്ലായിരുന്നുവെന്ന് ജൂറികളോട് പറഞ്ഞു. ടെഹ്‌റാനിലുള്ള തൻ്റെ ഭാര്യയെയും ദത്തുപുത്രിയെയും ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം ഭീഷണിപ്പെടുത്തിയതിനാലാണ് താൻ ഇതിന് സമ്മതിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. “എൻ്റെ കുടുംബം ഭീഷണിയിലായിരുന്നു, എനിക്ക് ഇത് ചെയ്യേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.

2024-ൽ ഈ ദൗത്യങ്ങൾ നടപ്പിലാക്കാൻ ഒരു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹാൻഡ്‌ലർ തന്നെ അമേരിക്കയിലേക്ക് അയച്ചതായി മെർച്ചൻ്റ് പറഞ്ഞു. ആരെയും കൊല്ലാൻ അദ്ദേഹം നേരിട്ട് ഉത്തരവിട്ടില്ലെങ്കിലും ഡോണൾഡ് ട്രംപ്, മുൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഇന്ത്യൻ വംശജയായ നിക്കി ഹേലി എന്നിവരെ ലക്ഷ്യമിടാൻ നിർദ്ദേശിച്ചിരുന്നു. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്നുവെന്നും, അധികൃതരെ സഹായിക്കുന്നതിലൂടെ തൻ്റെ കുടുംബത്തെ സുരക്ഷിതമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതായും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ മെർച്ചൻ്റിനെ നിർബന്ധിച്ചതിന് തെളിവില്ലെന്ന് പ്രൊസിക്യൂട്ടർമാർ വാദിച്ചു. ഗൂഢാലോചനയിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് കാണിക്കുന്ന റെക്കോർഡിംഗുകളും നിരീക്ഷണ ദൃശ്യങ്ങളും അവർ കോടതിയിൽ ഹാജരാക്കി. അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ഒരു ഗ്രൂപ്പിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് മെർച്ചൻ്റിന് അറിയാമായിരുന്നുവെന്നും പ്രൊസിക്യൂട്ടർമാർ പറഞ്ഞു.

2024 ജൂലൈയിൽ ടെക്സാസിൽ വെച്ചാണ് മെർച്ചൻ്റ് അറസ്റ്റിലായത്. വാടകക്കൊലയാളികൾ എന്ന് കരുതി ചിലരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കൊലപാതകത്തിനായി മെർച്ചൻ്റ് പണം നൽകിയവർ യഥാർത്ഥത്തിൽ വേഷം മാറിയെത്തിയ എഫ്ബിഐ ഏജൻ്റുമാരായിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിചാരണ നടക്കുന്നത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സമീപകാല യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. ട്രംപിനെതിരെയോ മറ്റ് യുഎസ് നേതാക്കൾക്കെതിരെയോ ഉള്ള ഗൂഢാലോചനയിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

തൻ്റെ കുടുംബത്തിന് നേരെയുള്ള ഭീഷണി കാരണമാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് മെർച്ചൻ്റിൻ്റെ പ്രധാന വാദം. എന്നാൽ അയാൾ അറിഞ്ഞുകൊണ്ട് തന്നെ കൊലപാതക പദ്ധതിയുമായി മുന്നോട്ട് പോയി എന്നാണ് പ്രൊസിക്യൂട്ടർമാരുടെ നിലപാട്.

Pakistani citizen’s revelation in Trump assassination plot case, who is Asif Merchant?

More Stories from this section

family-dental
witywide