
ഇസ്‌ലാമാബാദ്/ടെൽ അവീവ്: ഇസ്രയേലിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. ഇസ്രയേലിനെ “കാൻസർ ബാധിച്ച രാജ്യം” എന്നും “മനുഷ്യരാശിയുടെ ശാപം” എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലബനനിലും ഗസ്സയിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഖ്വാജ ആസിഫ് തൻ്റെ പ്രതിഷേധം അറിയിച്ചത്. “ഈ രാജ്യം (ഇസ്രയേൽ) മനുഷ്യരാശിയുടെ ശാപമാണ്. യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കാൻ പലസ്തീൻ മണ്ണിൽ ഈ രാജ്യം സ്ഥാപിച്ചവർ നരകത്തിൽ എരിയട്ടെ,” എന്ന് അദ്ദേഹം കുറിച്ചു. ഇസ്രയേൽ ലബനനിലും ഇറാനിലും വംശഹത്യ തുടരുകയാണെന്നും സമാധാന ചർച്ചകൾക്കിടയിലും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാക് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് രംഗത്തെത്തി. ആസിഫിൻ്റെ വാക്കുകൾ “അങ്ങേയറ്റം പ്രകോപനപരവും” അസഹനീയവുമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തപ്പെട്ട മന്ത്രിയിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിക്കുന്നതല്ലെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഇസ്രയേലിനെ നശിപ്പിക്കാനുള്ള ആഹ്വാനമാണ് പാക് മന്ത്രി നടത്തിയതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാറും കുറ്റപ്പെടുത്തി. ഇസ്രയേലിനെ ‘കാൻസർ’ എന്നും ‘ശാപം’ എന്നും വിളിക്കുന്നത് ഒരു രാജ്യത്തെയും അതിലെ ജനങ്ങളെയും നശിപ്പിക്കാനുള്ള ആസൂത്രിതമായ വിദ്വേഷപ്രചാരണത്തിൻ്റെ ഭാഗമാണെന്ന് ഗിദിയൻ സാർ പറഞ്ഞു. ഒരു വശത്ത് സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നു എന്ന് പറയുകയും മറുഭാഗത്ത് ഇത്തരത്തിൽ വിദ്വേഷം വമിക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് പാക്കിസ്ഥാൻ്റെ ഇരട്ടത്താപ്പാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അന്താരാഷ്ട്ര സമൂഹം പാക് മന്ത്രിയുടെ ഈ പ്രസ്താവനയെ ഗൗരവമായി കാണണമെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാക് മന്ത്രി പിന്നീട് തൻ്റെ പോസ്റ്റ് പിൻവലിച്ചെങ്കിലും, ഈ സംഭവം ഇസ്രയേലും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര അകൽച്ച വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
നിലവിൽ അമേരിക്കയ്ക്കും ഇറാനുമിടയിൽ താൽക്കാലിക വെടിനിർത്തലിനായി പാക്കിസ്ഥാൻ ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ ചർച്ചകൾക്ക് തൊട്ടുമുമ്പ് ലബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെ പ്രകോപിപ്പിച്ചത്. ലോകം ഉറ്റുനോക്കുന്ന യുഎസ്–ഇറാൻ ചർച്ച നാളെ പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. ഇസ്‌ലാമാബാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാവേദി. ചർച്ചകൾക്കായി നഗരത്തിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസാണ്. ഇക്കൂട്ടത്തിൽ ഡോണൾഡ് ട്രംപിൻ്റെ മരുമകൻ ജാറെദ് കുഷ്‌നറും ഉൾപ്പെടുന്നു. ഇറാൻ്റെ ഭാഗത്തുനിന്ന് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാർ ചർച്ചകളിൽ പങ്കെടുക്കും.
രണ്ട് ഘട്ടങ്ങളിലായുള്ള സമാധാന പദ്ധതി’യാണ് പാക്കിസ്ഥാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിൽ ഇറാനു മേലുള്ള ഉപരോധങ്ങൾ നീക്കുന്നതും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതും ഉൾപ്പെടുന്നു.
Pakistan’s Defense Minister slams Israel, calls it ‘curse of humanity’, calls it ‘cancer-ridden’ country; Netanyahu responds















