അഫ്ഗാനിലെ ആശുപത്രിയിൽ പാകിസ്താൻ്റെ മിസൈൽ വർഷം: 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ മയക്കുമരുന്ന് വിമുക്തീകരണ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ. ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് കാബൂളിലെ ഷഹർ-ഇ-നൗ, വസീർ അക്ബർ ഖാൻ മേഖലകളെ നടുക്കി സ്ഫോടന പരമ്പരയുണ്ടായത്. ആശുപത്രി കെട്ടിടം പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അവിടെ ചികിത്സയിലുണ്ടായിരുന്നവരാണെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.

പാകിസ്താൻ്റെ നടപടി അഫ്ഗാൻ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് ക്രൂരമായ മനുഷ്യത്വലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എന്നാൽ, അഫ്ഗാനിസ്ഥാൻ്റെ ആരോപണങ്ങൾ പാകിസ്താൻ തള്ളി. തങ്ങൾ സിവിലിയൻ കേന്ദ്രങ്ങളെയല്ല, മറിച്ച് പാകിസ്താനെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികളുടെ ഒളിത്താവളങ്ങളെയും സൈനിക കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചതെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. മുജാഹിദിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും അത് അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നടപടികൾ മറച്ചുവെക്കാൻ വേണ്ടിയാണെന്നും പാക് മന്ത്രാലയം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഭീകരർക്ക് അഭയം നൽകുന്നുവെന്ന ആരോപണത്തെത്തുടർന്ന് പാകിസ്ഥാൻ സൈന്യം കഴിഞ്ഞ ആഴ്ചകളിൽ പലതവണ കാബൂളിൽ ആക്രമണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ ഇപ്പോഴും രൂക്ഷമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്.

പാകിസ്താൻ അതിർത്തി ലംഘനം തുടരുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തീവ്രവാദികളുടെ താവളങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പാകിസ്ഥാൻ ആവർത്തിച്ചു. സാഹചര്യം ഒരു ‘തുറന്ന യുദ്ധത്തിന്’ സമാനമാണെന്നാണ് ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച അഫ്ഗാൻ അയച്ച ഡ്രോണുകൾ കാരണം പാകിസ്ഥാനിലെ സാധാരണക്കാർക്ക് പരിക്കേറ്റത് എല്ലാ പരിധികളും ലംഘിക്കുന്ന നടപടിയാണെന്ന് പ്രസിഡൻ്റ് ആസിഫ് അലി സർദാരി പറഞ്ഞു. ഇതിന് മറുപടിയായി, പാകിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലുള്ള ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. എന്നാൽ, പാകിസ്ഥാൻ ആക്രമിച്ചത് ഒരു സുരക്ഷാ കേന്ദ്രത്തിലും ലഹരിവിമോചന കേന്ദ്രത്തിലുമാണെന്നാണ് അഫ്ഗാൻ ഭരണകൂടം പ്രതികരിച്ചത്.

Pakistan missile strike on Afghan hospital: 400 killed, report says

More Stories from this section

family-dental
witywide