പന്നൂൻ വധശ്രമ ഗൂഢാലോചന : ആരാണ് കുറ്റം സമ്മതിച്ച ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത, ഇന്ത്യയുടെ പ്രതികരണമെന്ത്?

വാഷിംഗ്ടൺ: യുഎസ് പൗരനും ഖാലിസ്ഥാൻ വിഘടനവാദി നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ 54 കാരനായ ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു. വെള്ളിയാഴ്ച മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് ഗുപ്ത തൻ്റെ കുറ്റങ്ങൾ സമ്മതിച്ചത്. വാടകക്കൊലയാളിയെ ഏർപ്പാടാക്കുക, കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ മൂന്ന് കുറ്റങ്ങളും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ശിക്ഷാവിധി മെയ് മാസത്തിൽ ഉണ്ടാകും.

” 2023-ൽ, ഇന്ത്യൻ സർക്കാരിൻ്റെ കടുത്ത വിമർശകനായി യുഎസ് കോടതി രേഖകൾ വിശേഷിപ്പിക്കുന്ന പന്നൂനെ വധിക്കാൻ വികാസ് യാദവ് ഉൾപ്പെടെയുള്ളവരുമായി ചേർന്ന് ഗുപ്ത പദ്ധതിയിട്ടു. “പഞ്ചാബിൻ്റെ ചില ഭാഗങ്ങളോ അല്ലെങ്കിൽ പൂർണ്ണമായോ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഖാലിസ്ഥാൻ എന്ന പേരിൽ ഒരു സിഖ് പരമാധികാര രാജ്യം സ്ഥാപിക്കണമെന്ന് പന്നൂൻ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. പന്നൂനെയും അദ്ദേഹത്തിൻ്റെ വിഘടനവാദി സംഘടനയെയും ഇന്ത്യൻ സർക്കാർ നിരോധിച്ചിട്ടുള്ളതാണ്,” – യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

‘നിക്ക്’ എന്നും അറിയപ്പെടുന്ന നിഖിൽ, മുൻപ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വികാസ് യാദവുമായുള്ള ആശയവിനിമയത്തിനിടെ തന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന്-ആയുധക്കടത്തുകാരനായി വിശേഷിപ്പിച്ചിരുന്നതായും വകുപ്പ് അറിയിച്ചു. പന്നൂനെ വധിക്കാൻ ഗുപ്തയെ നിയോഗിച്ചത് യാദവാണെന്നും എന്നാൽ ഈ നീക്കം പരാജയപ്പെടുകയുമായിരുന്നുവെന്നും അധികൃതർ പറഞ്ഞു. കൊലപാതകത്തിനായി ഗുപ്ത ഒരു വാടകക്കൊലയാളിയെ ബന്ധപ്പെട്ടെങ്കിലും അത് വേഷംമാറിയെത്തിയ ഒരു അണ്ടർകവർ ഏജന്റായിരുന്നു. പന്നൂനെ വധിക്കുന്നതിനായി ഒരു ലക്ഷം ഡോളർ നൽകാനാണ് യാദവ് സമ്മതിച്ചിരുന്നത്.

2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വെച്ചാണ് ഗുപ്ത അറസ്റ്റിലായത്. തുടർന്ന് 2024 ജൂണിൽ അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറി. ആദ്യം കുറ്റം നിഷേധിച്ചിരുന്ന അദ്ദേഹം ഇപ്പോൾ അത് തിരുത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. പന്നൂനെ വധിക്കാൻ ഗുപ്ത ബന്ധപ്പെട്ട വാടകക്കൊലയാളി യഥാർത്ഥത്തിൽ യുഎസ് ഏജൻസികളുടെ അണ്ടർകവർ ഏജൻ്റായിരുന്നു. ഇതാണ് ഗൂഢാലോചന പുറത്തുവരാൻ കാരണമായത്. വധശ്രമത്തിൽ പങ്കില്ലെന്നും ഇത്തരം നടപടികൾ സർക്കാരിൻ്റെ നയമല്ലെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.

Pannun murder attempt conspiracy: Indian-origin Nikhil Gupta pleads guilty

More Stories from this section

family-dental
witywide