
വാഷിംഗ്ടൺ: അമേരിക്കയിൽ ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ (DHS) ഫണ്ടിംഗുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭാഗികമായ ഭരണസ്തംഭനം തുടരുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ ഏഴാം തവണയും പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി മുന്നോട്ടുവെച്ച ‘അവസാന വട്ട’ നിർദ്ദേശവും സെനറ്റിൽ അംഗീകരിക്കപ്പെടാത്തതിനെത്തുടർന്നാണ് ഭരണസ്തംഭനം തുടരുന്നത്.
സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾക്ക് നൽകിയ “അവസാനത്തെയും അന്തിമവുമായ” ഓഫറാണിതെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ പറഞ്ഞു. എന്നാൽ ഇതിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ICE) മേൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യമാണ് പ്രധാന തടസ്സമായി നിൽക്കുന്നത്. ചർച്ചകൾ ആറ് മണിക്കൂറോളം നീണ്ടുനിന്നെങ്കിലും ധാരണയിലെത്താനായില്ല. 53-47 എന്ന നിലയിലായിരുന്നു വോട്ടെടുപ്പ് ഫലം. ബിൽ പാസാക്കാൻ ആവശ്യമായ 60 വോട്ടുകൾ നേടാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് സാധിച്ചില്ല.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ വൈകുന്നതും ജീവനക്കാരുടെ കുറവും യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. സ്തംഭനം തുടരുകയാണെങ്കിൽ സെനറ്റർമാരുടെ രണ്ടാഴ്ചത്തെ അവധി റദ്ദാക്കാനും സാധ്യതയുണ്ട്.
ഒരു മാസത്തിലേറെയായി ശമ്പളം ലഭിക്കാത്ത ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (TSA) ഉദ്യോഗസ്ഥർക്ക് ഉടനടി ശമ്പളം നൽകാൻ എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കുമെന്ന് പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിച്ചു. ഈ നീക്കം സ്തംഭനം നീക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ കരുതുന്നു. ഇതിനിടെ ഏകദേശം 500-ഓളം ടി.എസ്.എ ഉദ്യോഗസ്ഥർ ജോലി രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് അമേരിക്കയിലെ പ്രധാന വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ നീണ്ട ക്യൂവിനും യാത്രാ തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്.
Partial administration Shutdown continues in US: Bill fails for seventh time in Senate; Trump will pay TSA employees















