സെനറ്റർ മാർക്ക് കെല്ലിയുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ പെന്‍റഗൺ; ‘രാജ്യദ്രോഹക്കുറ്റം’ ആരോപിച്ച് പീറ്റ് ഹെഗ്‌സെത്ത്

അരിസോണ: നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കാൻ സൈനികരോട് ആഹ്വാനം ചെയ്ത വീഡിയോയിൽ പങ്കെടുത്തതിന്‍റെ പേരിൽ അരിസോണയിൽ നിന്നുള്ള സെനറ്ററും വിരമിച്ച നേവി ക്യാപ്റ്റനുമായ മാർക്ക് കെല്ലിക്കെതിരെ പ്രതികാര നടപടിയുമായി ട്രംപ് ഭരണകൂടം. തിങ്കളാഴ്ച പീറ്റ് ഹെഗ്‌സെത്ത് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കെല്ലിയുടെ വിരമിക്കൽ പദവി താഴ്ത്താനും അതിലൂടെ ലഭിക്കുന്ന പെൻഷൻ തുക വെട്ടിക്കുറയ്ക്കാനുമാണ് പ്രതിരോധ വകുപ്പിന്‍റെ നീക്കം.

തിങ്കളാഴ്ച മുതൽ നിലവിൽ വന്ന ഈ നടപടി പ്രകാരം, കെല്ലിയുടെ വിരമിച്ച പദവി പുനർനിർണ്ണയിക്കാനുള്ള പ്രക്രിയകൾക്ക് പെന്റഗൺ തുടക്കമിട്ടു. ഇതിനു പുറമെ കെല്ലിക്ക് ഔദ്യോഗികമായി ഒരു ശാസനാ കത്തും നൽകിയിട്ടുണ്ട്. ‘രാജ്യദ്രോഹപരമായ പ്രസ്താവനകൾ’ നടത്തിയെന്നും സൈനിക അച്ചടക്കം ലംഘിക്കാൻ പ്രേരിപ്പിച്ചെന്നുമാണ് ഹെഗ്‌സെത്തിന്‍റെ ആരോപണം.

ഭരണഘടനയ്ക്കെതിരായ വെല്ലുവിളികൾ സ്വദേശത്തുനിന്നുതന്നെ ഉണ്ടായേക്കാമെന്നും, നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും ആറ് ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ചേർന്ന് പുറത്തിറക്കിയ വീഡിയോയാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. താൻ ഭരണഘടനയോടാണ് പ്രതിജ്ഞാബദ്ധനെന്നും ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും കെല്ലി വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടിയെ രാഷ്ട്രീയ പ്രേരിതമായ ‘വേട്ടയാടൽ’ എന്നാണ് ഡെമോക്രാറ്റുകൾ വിശേഷിപ്പിക്കുന്നത്.

More Stories from this section

family-dental
witywide