
വാഷിംഗ്ടൺ: അമേരിക്കൻ അതിർത്തിയിൽ അതീവ സുരക്ഷാ മേഖലയിൽ യുഎസ് സൈന്യത്തിന്‍റെ ലേസർ വിരുദ്ധ ഡ്രോൺ സംവിധാനം പരീക്ഷണാർത്ഥം ഉപയോഗിച്ചപ്പോൾ തകർന്നു വീണത് സ്വന്തം രാജ്യത്തിന്‍റെ തന്നെ നിരീക്ഷണ വിമാനം. ടെക്സസ് അതിർത്തിയിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പ്രവർത്തിപ്പിച്ചിരുന്ന ഡ്രോണാണ് സൈന്യം വെടിവെച്ചിട്ടതെന്ന് കോൺഗ്രസ് പ്രതിനിധികൾ സ്ഥിരീകരിച്ചു. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ആശയവിനിമയത്തിലെ ഗുരുതരമായ പാളിച്ചയാണ് ഈ നാടകീയ സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതിരോധ വകുപ്പ് അതിതീവ്ര ലേസർ സംവിധാനം ഉപയോഗിച്ച് കസ്റ്റംസ് ഡ്രോൺ തകർത്ത വാർത്ത ഞെട്ടലോടെയാണ് കേൾക്കുന്നതെന്ന് ഹൗസ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. എൽ പാസോയ്ക്ക് സമീപം ആഴ്ചകൾക്ക് മുൻപ് നടന്ന സമാനമായ ലേസർ പരീക്ഷണം ഏജൻസികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സ്വന്തം ഡ്രോൺ തന്നെ സൈന്യം തകർത്തിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പെന്‍റഗണും സിബിപിയും എഫ്എഎയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനിക വ്യോമാതിർത്തിക്കുള്ളിൽ ഭീഷണിയാണെന്ന് തോന്നിച്ച അജ്ഞാത വിമാനത്തെ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ലേസർ ഉപയോഗിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ജനവാസ മേഖലകളിൽ നിന്നും വാണിജ്യ വിമാനങ്ങളിൽ നിന്നും ഏറെ അകലെയാണ് ഈ സംഭവം നടന്നതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടെക്സസിലെ ഫോർട്ട് ഹാൻകോക്കിന് മുകളിൽ താൽക്കാലിക വിമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാൻ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.













