പെൻ്റഗണിന് കനത്ത തിരിച്ചടി; മാധ്യമനിയന്ത്രണം ഭരണഘടനാ വിരുദ്ധമെന്ന് കോടതി, മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കട്ടെയെന്ന് കോടതി

വാഷിംഗ്ടൺ: മാധ്യമപ്രവർത്തകർക്ക് മേൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻ്റഗൺ ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ഫെഡറൽ കോടതി.

വാർത്താശേഖരണത്തിന് പെൻ്റഗൺ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോൾ എൽ. ഫ്രീഡ്മാൻ നിരീക്ഷിച്ചു.

പെൻ്റഗണിൻ്റെ പുതിയ നയത്തിനെതിരെ ‘ന്യൂയോർക്ക് ടൈംസും’ റിപ്പോർട്ടർ ജൂലിയൻ ഇ. ബാർൺസും നൽകിയ ഹർജിയിലാണ് ഈ ചരിത്രപ്രധാനമായ വിധി. കഴിഞ്ഞ വർഷം നടപ്പിലാക്കിയ പുതിയ നിയമമനുസരിച്ച്, പെൻ്റഗണിൽ പ്രവേശിക്കാൻ മാധ്യമപ്രവർത്തകർ കടുത്ത നിയന്ത്രണങ്ങൾ അംഗീകരിച്ച് ഒപ്പിടണമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിബിഎസ്, എബിസി, സിഎൻഎൻ, ഫോക്സ് ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ പെൻ്റഗണിലെ നേരിട്ടുള്ള റിപ്പോർട്ടിംഗ് നിർത്തിവെച്ചിരിക്കുകയായിരുന്നു.

പെൻ്റഗൺ പ്രവേശനം മാധ്യമപ്രവർത്തകരുടെ ‘അവകാശമല്ല, ആനുകൂല്യം മാത്രമാണ്’ എന്ന പ്രതിരോധ വകുപ്പിൻ്റെ വാദം കോടതി തള്ളി. ഗവൺമെൻ്റിനെ വിമർശിക്കുന്ന മാധ്യമങ്ങളെ മാറ്റിനിർത്താനും അനുകൂലമായി വാർത്ത നൽകുന്നവർക്ക് മാത്രം മുൻഗണന നൽകാനുമുള്ള ശ്രമമാണിതെന്നും കോടതി കണ്ടെത്തി. വലതുപക്ഷ അനുകൂലികൾക്ക് നൽകുന്ന ഇളവുകൾ മുഖ്യധാര പത്രങ്ങൾക്ക് നൽകുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിക്കുന്ന റിപ്പോർട്ടർമാരെ ‘സുരക്ഷാ ഭീഷണി’യായി കണ്ട് പുറത്താക്കാമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. ഇത് മാധ്യമപ്രവർത്തകരെ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വെനിസ്വേലയിലെ സൈനിക ഇടപെടലും ഇറാനുമായുള്ള യുദ്ധവും നടക്കുന്ന ഈ സാഹചര്യത്തിൽ, ഗവൺമെൻ്റ് എന്ത് ചെയ്യുന്നു എന്ന് കൃത്യമായി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ജഡ്ജി പറഞ്ഞു. എങ്കിൽ മാത്രമേ ജനങ്ങൾക്ക് നയങ്ങളെ പിന്തുണയ്ക്കണോ പ്രതിഷേധിക്കണോ എന്ന് തീരുമാനിക്കാനും വോട്ട് ചെയ്യാനും സാധിക്കൂ എന്നും കോടതി എടുത്തു പറഞ്ഞു.

വിധി വന്നതോടെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാരുടെ പ്രസ് പാസുകൾ ഉടനടി തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പെൻ്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു. പത്രസ്വാതന്ത്ര്യത്തിൻ്റ വലിയ വിജയമാണിതെന്ന് പെൻ്റഗൺ പ്രസ് അസോസിയേഷൻ പ്രതികരിച്ചു.

Pentagon suffers major setback; Court says media restrictions unconstitutional.

More Stories from this section

family-dental
witywide