വെനസ്വേലൻ മുൻ പ്രസിഡന്റ് മഡുറോയെ പിടികൂടാൻ ‘ക്ലോഡ്’ എഐ; പെന്റഗണും ആന്ത്രോപ്പിക്കും തമ്മിൽ തർക്കം രൂക്ഷം, അവസരം മുതലാക്കാൻ മസ്കിൻ്റെ ഗ്രോക്’

വാഷിംഗ്ടൺ: വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്കൻ സൈന്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തൽ ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. പ്രമുഖ ഐഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ്’ (Claude) എന്ന ചാറ്റ്ബോട്ട് ഉപയോഗിച്ചാണ് മഡുറോയുടെ ഒളിത്താവളങ്ങളും നീക്കങ്ങളും സൈന്യം നിരീക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, തങ്ങളുടെ സാങ്കേതികവിദ്യ യുദ്ധത്തിനോ അക്രമത്തിനോ ഉപയോഗിക്കരുതെന്ന കമ്പനിയുടെ നയങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ആന്ത്രോപ്പിക് രംഗത്തെത്തിയതോടെ പെന്റഗണും കമ്പനിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

‘ഓപ്പറേഷൻ വാൽക്കറി’ എന്ന രഹസ്യ ദൗത്യത്തിലൂടെയാണ് ജനുവരിയിൽ മഡുറോയെ അമേരിക്ക പിടികൂടിയത്. ഉപഗ്രഹ ചിത്രങ്ങൾ, ആശയവിനിമയ രേഖകൾ, ലോജിസ്റ്റിക് പാറ്റേണുകൾ എന്നിവ അതിവേഗം വിശകലനം ചെയ്ത് മഡുറോയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ക്ലോഡ് സഹായിച്ചുവെന്നാണ് പറയപ്പെടുന്നത്. പാലാന്റിർ ടെക്നോളജീസുമായുള്ള ആന്ത്രോപ്പിക്കിന്റെ പങ്കാളിത്തം വഴിയാണ് ഈ എഐ ഉപകരണം പ്രതിരോധ വകുപ്പിന് ലഭ്യമായത്. എന്നാൽ, ലൈംഗിക കുറ്റവാളികളെയും സ്വേച്ഛാധിപതികളെയും കണ്ടെത്താൻ സഹായിക്കുന്നതിനപ്പുറം, മാരകമായ ആയുധങ്ങൾ നിയന്ത്രിക്കാനോ നിരീക്ഷണത്തിനോ തങ്ങളുടെ എഐ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് ആന്ത്രോപ്പിക് നിലപാടെടുത്തു.

ആന്ത്രോപ്പിക്കിന്റെ ഈ കർശനമായ സുരക്ഷാ നിബന്ധനകളിൽ പെന്റഗൺ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. സൈനിക ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുമ്പോൾ കമ്പനികൾ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ദൗത്യങ്ങളെ ബാധിക്കുമെന്ന് പ്രതിരോധ വകുപ്പ് കരുതുന്നു. ഇതേത്തുടർന്ന്, ആന്ത്രോപ്പിക്കുമായുള്ള 200 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിന് പകരമായി എലോൺ മസ്കിന്റെ ‘xAI’ വികസിപ്പിച്ച ‘ഗ്രോക്ക്’ ഉൾപ്പെടെയുള്ള മറ്റ് എഐ ഉപകരണങ്ങൾ ഉപയോഗിക്കാനാണ് സൈന്യത്തിന്റെ നീക്കം. ആന്ത്രോപ്പിക്കിനെക്കാൾ കൂടുതൽ അയവുള്ള നയങ്ങളാണ് മസ്കിന്റെ കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നാണ് സൂചന.

വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിച്ച എഐ സാങ്കേതികവിദ്യകൾ രഹസ്യ സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കുന്നത് ശരിയാണോ എന്ന വലിയൊരു ധാർമ്മിക ചോദ്യമാണ് ഈ വിവാദം ഉയർത്തുന്നത്. വരും കാലങ്ങളിൽ ആയുധ നിർമ്മാണത്തിലും യുദ്ധക്കളത്തിലും എഐയുടെ പങ്ക് എത്രത്തോളം വേണമെന്ന് നിശ്ചയിക്കുന്നതിൽ ഈ തർക്കം നിർണ്ണായകമാകും. നിലവിൽ മഡുറോ അമേരിക്കൻ കസ്റ്റഡിയിലാണെങ്കിലും, ഈ ദൗത്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള തർക്കം സിലിക്കൺ വാലിയും വാഷിംഗ്ടണും തമ്മിലുള്ള പോരാട്ടമായി വളരുകയാണ്.

More Stories from this section

family-dental
witywide