ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്: 20-വയസ്സുകാരൻ പിടിയിൽ

സാൻ ഫ്രാൻസിസ്കോ: ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയുടെ മേധാവി സാം ആൾട്ട്മാൻ്റെ വീടിന് നേരെ ആക്രമണം. സാൻ ഫ്രാൻസിസ്കോയിലെ വസതിക്ക് നേരെ പെട്രോൾ ബോംബ് (മൊളോടോവ് കോക്ടെയ്ൽ) എറിഞ്ഞ സംഭവത്തിൽ 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ആക്രമണത്തിൽ വീടിൻ്റെ പുറത്തെ മതിൽക്കെട്ടിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഓപ്പൺ എഐ വക്താവ് സ്ഥിരീകരിച്ചു. നോർത്ത് ബീച്ച് പരിസരത്തുള്ള ആൾട്ട്മാൻ്റെ വസതിയിൽ ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഏകദേശം ഒരു മണിക്കൂറിന് ശേഷം സാൻ ഫ്രാൻസിസ്കോയിലെ ഓപ്പൺ എഐ ആസ്ഥാനത്തിന് മുന്നിലെത്തിയ ഇയാൾ കെട്ടിടം കത്തിക്കുമെന്ന് ഭീഷണി മുഴക്കി. ഇവിടെ വെച്ചാണ് സാൻ ഫ്രാൻസിസ്കോ പൊലീസ് ഇയാളെ പിടികൂടിയത്.

നേരത്തെയും കമ്പനി ആസ്ഥാനത്തിന് നേരെ ഇയാൾ ഭീഷണി ഉയർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സജീവമായ അന്വേഷണം നടക്കുകയാണെന്നും ഇയാൾക്കെതിരെ ചുമത്തേണ്ട കുറ്റകൃത്യങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ചാറ്റ് ജിപിറ്റിയുടെ വരവോടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി മാറിയ സാം ആൾട്ട്മാൻ ശതകോടീശ്വരനാണ്. ആൾട്ട്മാന് നിരവധി സ്വത്തുക്കളുണ്ടെങ്കിലും, ഓപ്പൺ എഐയുടെ ആസ്ഥാനമായ സാൻ ഫ്രാൻസിസ്കോയിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ തൊഴിൽ മേഖലയിലും മറ്റും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഓപ്പൺ എഐ തന്നെ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കോർപ്പറേറ്റ് നികുതി വർദ്ധിപ്പിക്കണമെന്നും ജീവനക്കാർക്ക് പുനർപരിശീലനം നൽകണമെന്നും കമ്പനി സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

2022-ൻ്റെ അവസാനത്തിൽ ചാറ്റ് ജിപിറ്റി പുറത്തിറങ്ങിയതോടെയാണ് എഐ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടായത്. ഇത് പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് കാരണമായിട്ടുണ്ട്. എഐയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഈ സാങ്കേതികവിദ്യ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്കും തൊഴിൽ നഷ്ടങ്ങൾക്കും കാരണമാകുമെന്ന് ഓപ്പൺ എഐ തന്നെ അവകാശപ്പെടുന്നു.

Petrol bomb thrown at Open AI chief Sam Altman’s house: 20-year-old arrested

More Stories from this section

family-dental
witywide