
ഇറാൻ-അമേരിക്ക സംഘർഷം യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. ലോകത്തെ ഊർജ്ജ വിതരണത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കണമെന്ന നിലപാട് ട്രംപിനെ അറിയിച്ചതായി മോദി വ്യക്തമാക്കി. നിർണ്ണായക ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അത് അനുവദിക്കാനാവില്ലെന്നും ട്രംപിന്റെ നിലപാടിനോട് യോജിച്ചുകൊണ്ട് മോദി പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ തുടരും. ട്രംപ് തന്നെ വിളിച്ച കാര്യം എക്സിലൂടെ മോദിയാണ് അറിയിച്ചത്.
ആഗോള വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ, ഗ്യാസ് നീക്കത്തിന്റെ സിംഹഭാഗവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാൻ ഈ പാത തടസ്സപ്പെടുത്തിയാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് വിഷയത്തിന്റെ ഗൗരവം ചർച്ച ചെയ്തത്. ഇറാനുമായും അമേരിക്കയുമായും ഒരേപോലെ ബന്ധമുള്ള ഇന്ത്യയുടെ ഇടപെടൽ മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്ന് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നു. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം.
യുദ്ധ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാൽ ഉണ്ടാകാവുന്ന ബദൽ മാർഗ്ഗങ്ങളെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും എന്നാൽ യുദ്ധം ഒഴിവാക്കി നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് മുൻഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അന്താരാഷ്ട്ര ഇടപെടലുകൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
PM Modi and Trump agree on keeping Strait of Hormuz open amid Iran-US war tensions











