പ്രധാനമന്ത്രി വെള്ളിയാഴ്ച തലസ്ഥാനത്ത്, ഭരണം നേടിയ ശേഷം ആദ്യം, വമ്പൻ ആഘോഷമാകും; തിരുവനന്തപുരം വികസനത്തിന്‍റെ ബ്ലൂപ്രിന്റ് പുറത്തിറക്കും

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാകുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നഗരവികസനത്തിനായി തയ്യാറാക്കിയ വിപുലമായ ബ്ലൂപ്രിന്റ് പുറത്തിറക്കും. വികസിത തിരുവനന്തപുരം എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും പുതിയ ട്രെയിൻ സർവീസുകളുടെ ഫ്ലാഗ് ഓഫും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.

പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ അടുത്ത ഘട്ടം, ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള വികസന ഇടനാഴി എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനങ്ങൾ ഈ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള വികസനത്തിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്.

വികസന പ്രഖ്യാപനങ്ങൾക്ക് പുറമെ ബിജെപിയുടെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്യും. മിഷൻ 2026 ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കും ഈ സന്ദർശനം കരുത്തുപകരുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. വിപുലമായ സജ്ജീകരണങ്ങളാണ് പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

More Stories from this section

family-dental
witywide