പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് വടക്കന്തറയിൽ വെച്ചാണ് സംഭവം നടന്നത്. സ്ഥാനാർത്ഥിയെയും യുഡിഎഫ് പ്രവർത്തകരെയും തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സിന്ധു രാജൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് നടപടി. സ്ഥാനാർത്ഥിയുടെ പ്രചാരണം തടസ്സപ്പെടുത്തിയതിനും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പെണ്ണുപിടിയന്മാരായ കോൺഗ്രസ് പ്രവർത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രചാരണത്തിനിടെ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായതിനെ തുടർന്നാണ് യുഡിഎഫ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
Police case registered against BJP workers for blocking Ramesh Pisharody in Palakkad














