
ആലപ്പുഴ: സി.പി.എം പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പാർട്ടിവിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വ്യക്തിഹത്യകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ജനകീയ കോടതിയിൽ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. “കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും” എന്നെഴുതിയ ബാനറുകൾ സുധാകരൻ്റെ വീടിന് സമീപം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പാർട്ടിയിൽ 63 വർഷമായി പ്രവർത്തിച്ചിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് സുധാകരൻ പറഞ്ഞു. നിരന്തരമായ അവഗണനയ്ക്കും ക്രൂശിക്കപ്പെടലിനും മറുപടി നൽകാനാണ് ഇത്തവണ അമ്പലപ്പുഴയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഇന്നലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ നേരിട്ട് സംസാരിച്ചിട്ടും തൻ്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തൻ്റെ പോരാട്ടം പാർട്ടിക്കെതിരെയല്ല, മറിച്ച് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കൾക്കെതിരെയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
പരമ്പരാഗത രീതിയിലുള്ള ചുമരെഴുത്തുകളോ കൊടിതോരണങ്ങളോ ഇല്ലാത്ത വേറിട്ടൊരു പ്രചാരണ ശൈലിയാകും താൻ സ്വീകരിക്കുകയെന്നും ജി. സുധാകരൻ അറിയിച്ചു.
പാർട്ടി കോട്ടയായ അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്ര നിലപാട് സ്വീകരിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.
Police guard G Sudhakaran’s house















