
അധികാരവും വ്യക്തിഗത ബിസിനസ്സും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് പോകുന്ന അസാധാരണ രാഷ്ട്രീയ മാതൃകയാണ് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാഴ്ചവെക്കുന്നത്. ആഗോളതലത്തിൽ നയതന്ത്ര പ്രതിസന്ധികളും രാഷ്ട്രീയ ചലനങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം സ്വന്തം കുടുംബ ബിസിനസ് വിപുലീകരിക്കാനും ട്രംപിന്റെ നടപടികൾ കാരണമാകുന്നുണ്ട്. ആദ്യ ഭരണകാലയളവിൽ (2017-2021) റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മന്ദത കാരണം ആസ്തിയിൽ ഇടിവ് സംഭവിച്ചെങ്കിലും, രണ്ടാം വരവിൽ ഡിജിറ്റൽ ആസ്തികളിലൂടെയും ബ്രാൻഡ് ലൈസൻസിംഗിലൂടെയും ട്രംപിന്റെ സമ്പത്ത് വൻതോതിൽ ഉയർന്നു. 2026 ഫെബ്രുവരിയിലെ ഫോർബ്സ് കണക്കുകൾ പ്രകാരം 6.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി.
അധികാരത്തിലിരിക്കെ ട്രംപ് ഓർഗനൈസേഷൻ വിദേശ രാജ്യങ്ങളിൽ ബിസിനസ് ഇടപാടുകൾ വൻതോതിൽ വിപുലീകരിച്ചു. മിഡിൽ ഈസ്റ്റ് മേഖലകളായ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലും ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വൻകിട റിയൽ എസ്റ്റേറ്റ്, ഗോൾഫ് കോഴ്സ് പദ്ധതികൾ ട്രംപ് ബ്രാൻഡിന് കീഴിൽ ആരംഭിച്ചു. ആദ്യ ഭരണകാലത്ത് മാത്രം ചൈനയും സൗദിയും ഉൾപ്പെടെയുള്ള വിദേശ സർക്കാരുകളിൽ നിന്ന് 7.8 മില്യൺ ഡോളറിലധികം തുക ട്രംപിന്റെ പ്രോപ്പർട്ടികളിലേക്ക് ഒഴുകിയെത്തിയതായി യു.എസ്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി കണ്ടെത്തിയിരുന്നു. വിദേശ നയങ്ങളും ഡിജിറ്റൽ വിപണിയിലെ നയപരമായ തീരുമാനങ്ങളും ട്രംപിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തു.
ട്രംപിന്റെ മക്കളായ ഡോണൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ട്രംപ് ഓർഗനൈസേഷൻ കൈകാര്യം ചെയ്യുന്നതോടൊപ്പം വേൾഡ് ലിബർട്ടി ഫിനാഷ്യൽ എന്ന ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമിലൂടെയും വരുമാനം നേടുന്നുണ്ട്. ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നറുടെ ‘അഫിനിറ്റി പാർട്ട്നേഴ്സ്’ എന്ന സ്ഥാപനത്തിലേക്ക് സൗദി പി.ഐ.എഫ്, യു.എ.ഇ, ഖത്തർ ഫണ്ടുകളിൽ നിന്ന് ശതകോടികൾ നിക്ഷേപമായി ലഭിച്ചു. എന്നാൽ അഫിനിറ്റി പാർട്ട്നേഴ്സ് സെർബിയയിൽ നടത്താനിരുന്ന 500 മില്യൺ ഡോളറിന്റെ പ്രോജക്ട് അഴിമതി ആരോപണങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്നതോടെ 2025 ഡിസംബറിൽ ഉപേക്ഷിക്കേണ്ടി വന്നു.
അമേരിക്കൻ വിദേശനയവും വ്യാപാര തീരുവകളും സ്വന്തം വാണിജ്യ താത്പര്യങ്ങൾക്ക് അനുസൃതമായി ഉപയോഗിച്ചെന്ന വിമർശനവും ട്രംപിനെതിരെ ശക്തമാണ്. ചൈനീസ് കമ്പനിയായ ഇസഡ്.ടി.ഇ-ക്ക് മേലുള്ള ഉപരോധം നീക്കിയതും അർജന്റീനയ്ക്കുള്ള തീരുവയിൽ ഇളവ് നൽകിയതും, ഇവാങ്ക ട്രംപിന്റെ ബ്രാൻഡിനും ട്രംപ് കമ്പനികൾക്കും ആ രാജ്യങ്ങളിൽ നിന്ന് ഔദ്യോഗിക ട്രേഡ്മാർക്ക് അംഗീകാരങ്ങൾ ലഭിച്ച അതേ കാലയളവിലായിരുന്നു. ഗൾഫ് സന്ദർശനങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ 300 മില്യൺ ഡോളറിലധികം തുക അദ്ദേഹത്തിന്റെ കുടുംബ ബിസിനസുകളിലേക്ക് എത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഭരണഘടനാപരമായ പരിധികൾ കാരണം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാലും സ്വന്തം സ്വാധീനം ഉപയോഗിച്ച് കുടുംബത്തിന്റെയും അടുത്ത തലമുറയുടെയും സാമ്പത്തിക ഭാവിയും ബിസിനസ് സാമ്രാജ്യവും ഭദ്രമാക്കാൻ ട്രംപിന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ അധികാരവും സാമ്പത്തിക തന്ത്രങ്ങളും കൂട്ടിയിണക്കിയുള്ള ഈ മാതൃക ആഗോള രാഷ്ട്രീയത്തിൽ വലിയ നയതന്ത്രപരമായ ചർച്ചകൾക്കാണ് വഴിവെക്കുന്നത്.
Politics and Business: How Donald Trump Built His Wealth Empire Using Presidential Influence















