‘ഇറാനെതിരെ യുദ്ധം പുനഃരാരംഭിക്കണം’ ട്രംപിനെ നിരന്തരം നെതന്യാഹു ഫോൺ വിളിക്കുന്നുവെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധം പുനഃരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എല്ലാ ദിവസവും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഫോണിൽ വിളിക്കുന്നതായി റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, ഇറാനെതിരെ ആക്രമണം പുനഃരാരംഭിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെങ്കിലും ട്രംപിനെ അതിനായി പ്രേരിപ്പിക്കാൻ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നാണ് ഇസ്രയേൽ വൃത്തങ്ങളുടെ വിശദീകരണം.

നെതന്യാഹുവിന്റെ ഈ നീക്കങ്ങൾക്കെതിരെ വൈറ്റ് ഹൗസിനുള്ളിലും പുറത്തുമുള്ള യുദ്ധ താൽപ്പര്യമില്ലാത്ത വിഭാഗങ്ങൾ രംഗത്തുണ്ട്. സംഘർഷം കൂടുതൽ വഷളാക്കാതെ നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്നാണ് ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നത്. സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ ട്രംപിന്മേൽ നെതന്യാഹു നടത്തുന്ന സമ്മർദ്ദങ്ങൾ അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ താത്കാലിക ധാരണയിലെത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനിയുമായി ട്രംപ് ചർച്ച നടത്തിയിട്ടുണ്ട്. ഈ ചർച്ചയ്ക്ക് പിന്നാലെ, ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് യുഎസ് പ്രസിഡന്റ് തന്നെ വ്യക്തമാക്കുകയുണ്ടായി.

More Stories from this section

family-dental
witywide