വേദനയും വിഷമവും പങ്കുവെച്ച് മാർപ്പാപ്പ, മിഡിൽ ഈസ്റ്റ് യുദ്ധം മനുഷ്യകുലത്തിന് തന്നെ അപമാനം; സമാധാനത്തിനായി ആഹ്വാനം ചെയ്ത് പോപ്പ് ലിയോ

വത്തിക്കാൻ സിറ്റി: മിഡിൽ ഈസ്റ്റിൽ തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തെ ശക്തമായി അപലപിച്ച് പോപ്പ് ലിയോ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രതിവാര പ്രാർത്ഥനയ്ക്കിടെയാണ് ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന യുദ്ധസാഹചര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധം മുഴുവൻ മനുഷ്യകുടുംബത്തിനും നാണക്കേടാണെന്നും ദൈവത്തിന് മുന്നിലുള്ള വലിയൊരു വിലാപമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

യുദ്ധം അവസാനിപ്പിക്കാനും ആത്മാർത്ഥമായ ചർച്ചകളിലൂടെയും മനുഷ്യാന്തസ്സിനോടുള്ള ബഹുമാനത്തിലൂടെയും സമാധാനത്തിന്റെ പാത തുറക്കാനും പ്രാർത്ഥിക്കണമെന്ന് ചടങ്ങിൽ ഒത്തുകൂടിയ വിശ്വാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുകയും മരണസംഖ്യ കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോപ്പിന്റെ ഈ ഇടപെടൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളിൽ തനിക്ക് ആഴത്തിലുള്ള ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന്റെ ഇരകളാകേണ്ടി വരുന്ന നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ തനിക്ക് നിശബ്ദനായിരിക്കാൻ കഴിയില്ലെന്ന് പോപ്പ് ലിയോ പറഞ്ഞു. ഈ ദുരന്തം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സജീവമായി ഇടപെടണമെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. സമാധാനത്തിനായുള്ള പോപ്പിന്റെ ഈ ആഹ്വാനം യുദ്ധം കെടുതികൾ വിതയ്ക്കുന്ന മേഖലകളിൽ വലിയ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്.

More Stories from this section

family-dental
witywide