മധ്യേഷ്യയിലെ യുദ്ധക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് മാർപാപ്പ; നിരപരാധികളുടെ രക്തം വീഴ്ത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് പോപ്പ് ലിയോ

വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ സംഘർഷാവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മാർപാപ്പ. എക്സ് പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ പ്രതികരണങ്ങളിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പുണ്യഭൂമികളിൽ പടരുന്ന ക്രൂരവും അമാനുഷികവുമായ അക്രമങ്ങളെ പോപ്പ് ലിയോ പതിനാലാമൻ രൂക്ഷമായി വിമർശിച്ചു. നിരപരാധികളുടെ രക്തം ചിന്തുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിന്റെ അനുയായികൾക്ക് ഒരിക്കലും ബോംബുകൾ വർഷിക്കുന്നവരുടെ പക്ഷം ചേരാനാകില്ലെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വാളും ബോംബുകളും സമാധാനം കൊണ്ടുവരില്ലെന്നും സൈനിക നടപടികൾക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെയോ സമാധാനത്തിന്റെയോ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിന് പകരം സംവാദത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാത സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാന ചർച്ചകൾക്കായി ലോകം ഉറ്റുനോക്കുന്ന ഈ വേളയിൽ മാർപാപ്പയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്.

More Stories from this section

family-dental
witywide