
ഷോളി കുമ്പിളുവേലി മീഡിയ കമ്മിറ്റി
ന്യൂയോർക്ക് : ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി,
ശനി, ഞായർ) തീയതികളിൽ ഷിക്കാഗോയിലെ പ്രശസ്തമായ
മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “സിറോ മലബാർ
USA” കൺവൻഷൻ രജിസ്‌ട്രേഷനു വിശ്വാസികളിൽ നിന്നും
ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രൂപത
അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, വികാരി ജനറൽമാരായ റവ. ഫാ.
ജോൺ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. തോമസ്
കടുകപ്പിള്ളിൽ , ചാൻസിലർ റവ. ഫാ. ജോൺസൺ കോവൂർ
പുത്തൻപുരയിൽ, പ്രൊക്യൂറേറ്റർ റവ. ഫാ. റവ. ഫാ. കുര്യൻ
നെടുവേലിചാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ
ഭാരവാഹികൾ നടത്തിയ ഇടവക സന്ദർശനങ്ങളും , കിക്കോഫുകളും
വിശ്വാസികളുടെ ഇടയിൽ ആവേശകരമായ പ്രതികരണമാണ് സൃഷ്ടിച്ചത്.

ഓരോ സിറോ മലബാർ വിശ്വാസിയും ഈ കൺവൻഷനിൽ
പങ്കെടുക്കെണ്ടതിന്റെ ആവശ്യകത വ്യക്തമാക്കികൊടുക്കാൻ ഈ ഇടവക
സന്ദർശനങ്ങൾ കൊണ്ട് സാധിച്ചു.
അതുപോലെ, രൂപത യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടർ റവ. ഫാ.
മെൽവിൻ പോളിന്റെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന
പ്രവർത്തനങ്ങൾ, കുട്ടികളുടെയും യുവ ജനങ്ങളുടേയും ഇടയിൽ
കൺവൻഷനെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും, അതിലൂടെ വലിയ
തോതിൽ യുവജന പങ്കാളിത്തം ഉറപ്പുവരുത്താനും കഴിഞ്ഞു.
കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യകം സെമിനാറുകളും, വർക്ക്
ഷോപ്പുകളുമാണ് കൺവൻഷനിൽ ഒരുക്കിയിരിക്കുന്നത്.
കൺവൻഷൻറെ ഭാഗമായി നടത്തുന്ന, മെഗാ മാർഗ്ഗംകളി ,
താളവിസ്മയം, വിവിധ ഡാൻസ് പ്രോഗ്രാമുകൾ എന്നിവയിൽ താൽപ്പര്യമുള്ള ഇടവകാംഗങ്ങൾക്കു പങ്കെടുക്കാൻ അവസരം ഉണ്ട്.
“താളവിസ്മയത്തിനു” പ്രശസ്ത സിനിമ താരം ജയറാം ആണ് നേതൃത്വം
നൽകുന്നത്. കൂടാതെ “പാരിഷ് ഫെസ്റ്റ്” പ്രോഗ്രാമിൽ ഇടവക തലത്തിലുള്ള
പരിപാടികളും അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
കുട്ടികൾക്കും യുവ ജനങ്ങൾക്കും വിവിധങ്ങളായ സ്പോർട്സ് , ഡാൻസ്
പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ,
“സ്റ്റാർട്ടപ്പുകൾക്കുള്ള” മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ
പരിപാടികളും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കൺവൻഷനോടനുബന്ധിച്ചു, രൂപതയിലെ പയനിയേർസ്, ഇടവകകളിൽ
സേവനം ചെയ്തിട്ടുള്ള കൈക്കാരൻമാർ, അൾത്താര ശുശ്രുഷികൾ,
സൺഡേ സ്കൂൾ, മലയാളം സ്കൂൾ, കൾച്ചറൽ അക്കാദമി അദ്ധ്യാപകർ,
എസ്.എം.സി.സി, വിൻസെന്റ് ഡി പോൾ സൊസൈറ്റി , വിമൻസ് ഫോറം,
ചെറുപുഷ്‌പ മിഷൻ ലീഗ് എന്നിവയുടെ നേതാക്കൾ, ക്വയർ അംഗങ്ങൾ
തുടങ്ങി രൂപതയുടെ ആരംഭ കാലം മുതൽ ഇടവകളിൽ വിവിധ
തലങ്ങളിൽ നേതൃത്വം നൽകിയിട്ടുള്ള എല്ലാവരേയും ആദരിക്കുന്നതാണ്.
കൂടാതെ വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ
ദമ്പതികളേയും ആദരിക്കും.
എല്ലാ ദിവസവും വൈകുന്നേരമുള്ള കല സന്ധ്യകളിൽ, പ്രശസ്ത
മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി, സിനിമ താരം ജയറാം എന്നിവരുടെ
നേതൃത്തതിൽ പ്രശസ്ത കലാകാരമ്മാർ പങ്കെടുക്കുന്ന വിവിധ കലാ
പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പരസ്‌പരം പരിചയപ്പെടുന്നതിനും, പരിചയങ്ങൾ പുതുക്കുന്നതിനും,
സുഹൃത് ബന്ധങ്ങൾ സ്‌ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയിൽ
വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാർ
വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി
നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ സഹായകരമാകും.
കൂടാതെ, അനന്തമായ ദൈവ പരിപാനയിൽ, വിശ്വാസ വളർച്ചയുടെ
ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ അവസരത്തിൽ, സിറോ
മലബാർ സഭാ തലവൻ ആർച്ചു ബിഷപ് മാർ റാഫേൽ തട്ടിൽ
പിതാവിനോടും, രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്
പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്
പിതാവിനോടും, സഭയിലെ വിവിധ വൈദികരോടും സന്യസ്‌തരോടും,
അൽമായരോടൊപ്പവും ഒരേ കൂടാരത്തിൻ കീഴിൽ ഒരുമിച്ചിരുന്നു
ദൈവത്തിനു നന്ദി പറയുന്നതിനും, പ്രാർഥിക്കുന്നതിനും, വചനം
ശ്രവിക്കുന്നതിനും , അപ്പം മുറിക്കുന്നതിനും, ആശയ വിനിമയം
നടത്തുന്നതിനുമുള്ള നാല് ദിനങ്ങൾ, അതെത്ര
സന്തോഷപ്രദമായിരിക്കും !!
മഹത്തായ ഈ അല്മമീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ
പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ്
ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു.
ജൂബിലി കമ്മിറ്റി കൺവീനർ റവ. ഫാ. ജോൺ മേലേപ്പുറം, ചെയർമാൻ
ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ റവ. ഫാ. തോമസ്
കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിൻറ്
കൺവീനർമ്മരായ റവ. ഫാ. ജോയൽ പയസ്. റവ. ഫാ. യൂജിൻ ജോസഫ്,
സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂ
തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, മാർക്കറ്റിങ്
ചെയർമാൻ സജി വർഗീസ്, കൺവൻഷൻ യൂത്ത് കൺവീനർ റവ. ഫാ.
മെൽവിൻ പോൾ, യൂത്ത് ലീഡ് മാത്യു തോമസ് എന്നിവരുടെ
നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ “സിൽവർ ജൂബിലി കൺവൻഷൻറെ”
വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചുവരുന്നു.
“ഏർലി ബേർഡ്” രജിസ്‌ട്രേഷൻ ജനുവരി 31നു അവസാനിക്കും, അതിനു
മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ ഇളവ്
ലഭിക്കുന്നതാണ്. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന്
ജൂബിലി കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.
കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും
താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക :
www.syroconvention.org















