അവസാന നിമിഷം തീരുമാനം മാറ്റി ട്രംപ്, ഹൂതികൾക്കെതിരായ സൈനിക നീക്കം മാറ്റിവെച്ചു; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി

വാഷിംഗ്ടൺ: യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്ക് നേരെ വ്യോമാക്രമണം നടത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവസാന നിമിഷം പിൻവാങ്ങിയതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി വൈകിയാണ് യുഎസ് ഭരണകൂടം തൽക്കാലത്തേക്ക് സൈനിക നീക്കം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് വ്യക്തമാക്കി. സംഘർഷ മേഖല നിലവിൽ കൂടുതൽ വ്യാപിപ്പിക്കാൻ വൈറ്റ് ഹൗസ് ആഗ്രഹിക്കാത്തതാണ് ഈ പിൻവാങ്ങലിന് കാരണം.

ഹൂതികൾക്കെതിരെ തിരിച്ചടി വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തിന് സജ്ജരാകാൻ പെന്‍റഗണിന് നിർദ്ദേശം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റിവെക്കുകയായിരുന്നു. യമനിലെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിന്‍റെ മേധാവിയായ റഷാദ് അൽ അലിമിയുമായി ട്രംപ് ഫോണിൽ സംസാരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അടുത്തിടെ യമൻ സർക്കാരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ റെഡ് സീ തീരപ്രദേശം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ചില മേഖലകളുടെ നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തിരുന്നു. ഈ പ്രദേശങ്ങളിൽ സൗദി പിന്തുണയുള്ള സർക്കാർ സേനയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide