
വാഷിംഗ്ടൺ: അമേരിക്കൻ കറൻസി നോട്ടുകളിൽ ഇനി മുതൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് തീരുമാനിച്ചു. യുഎസ് ചരിത്രത്തിൽ ആദ്യമായാണ് ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു പ്രസിഡൻ്റിൻ്റെ ഒപ്പ് കറൻസി നോട്ടുകളിൽ വരുന്നത്.
സാധാരണയായി ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് അമേരിക്കൻ നോട്ടുകളിൽ ഉണ്ടാകാറുള്ളത്. എന്നാൽ പുതിയ പരിഷ്കരണം പ്രകാരം ട്രഷററുടെ ഒപ്പിന് പകരമാണ് പ്രസിഡൻ്റിൻ്റെ ഒപ്പ് ഉൾപ്പെടുത്തുന്നത്. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ചരിത്രപരമായ മാറ്റം.
പ്രസിഡൻ്റ് ട്രംപിൻ്റെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിൻ്റെയും ഒപ്പുകളുള്ള ആദ്യത്തെ 100 ഡോളർ നോട്ടുകൾ ഈ ജൂണിൽ പുറത്തിറങ്ങും. തുടർന്ന് മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളിലും ഈ മാറ്റം നടപ്പിലാക്കും. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ സ്മരണയ്ക്കായി പുറത്തിറക്കുന്ന പ്രത്യേക കറൻസി പരമ്പരയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
അധികാരത്തിലേറിയതുമുതൽ ഭരണകൂടത്തിൻ്റെ ഘടനയിലും പ്രവർത്തനശൈലിയിലും വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട് ട്രംപ്. അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് സ്വന്തം ചിത്രം പതിപ്പിച്ച 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കാനുള്ള ട്രംപിൻ്റെ നീക്കം വലിയ വാർത്തയായിരുന്നു. ട്രംപ് തന്നെ നേരിട്ട് തിരഞ്ഞെടുത്ത, അദ്ദേഹം മേശയിൽ കൈകൾ അമർത്തി നിൽക്കുന്ന ചിത്രമാണ് ഈ നാണയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റിങ് പ്രസിഡൻ്റുമാരുടെ ചിത്രങ്ങൾ കറൻസിയിൽ വരുന്നത് തടയുന്ന യുഎസ് നിയമങ്ങളെ മറികടക്കാൻ ഇത് ഒരു ‘സ്‌മരണിക നാണയം’ ആണെന്ന വാദമാണ് ഭരണകൂടം ഉയർത്തുന്നത്. ഇതിനുപുറമെ ട്രംപിൻ്റെ ചിത്രം പതിപ്പിച്ച ഒരു ഡോളർ നാണയം പുറത്തിറക്കാനുള്ള ചർച്ചകളും സജീവമാണ്.
വാഷിംഗ്ടൺ ഡി.സിയിലെ പ്രശസ്തമായ ജോൺ എഫ്. കെന്നഡി സെൻ്റർ ഫോർ ദ പെർഫോമിംഗ് ആർട്‌സിൻ്റെ പേര് മാറ്റി സ്വന്തം പേര് കൂടി ചേർത്തത് ട്രംപിൻ്റെ മറ്റൊരു വിവാദ നടപടിയാണ്. ട്രംപ് നിയമിച്ച ബോർഡ് അംഗങ്ങൾ ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരം ഈ സ്ഥാപനം ഇനി ‘ദ ഡൊണാൾഡ് ജെ. ട്രംപ് ആൻഡ് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്‌സ്’ എന്നായിരുന്നു പേര് മാറ്റം. ഈ നീക്കം കെന്നഡി കുടുംബത്തിൻ്റെ ഭാഗത്തുനിന്നും ഡെമോക്രാറ്റുകളിൽ നിന്നും കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. കൂടാതെ, യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (USIP) കെട്ടിടത്തിലും ട്രംപ് സ്വന്തം പേര് പതിപ്പിച്ചിട്ടുണ്ട്.
President Trump’s signature on US currency; First in history















