
വയനാട് എംപിയെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ ഒട്ടും സഹകരിക്കുന്നില്ലെന്നും തന്നെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.കെ. കാസിമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. വന്യമൃഗശല്യം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ പരിഹാരം കാണാൻ സർക്കാരുമായി ബന്ധപ്പെടുമ്പോൾ നിരാശ മാത്രമാണ് ഫലമെന്നും ഭരണകൂടത്തിന്റെ നിസ്സംഗത മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ ഓരോ പ്രവർത്തനത്തിലും അഴിമതിയുടെ നിഴലാണുള്ളതെന്നും കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് അറിയാമെന്നും പ്രിയങ്ക ആരോപിച്ചു. സ്വന്തം അഴിമതികൾ മറച്ചുപിടിക്കാൻ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചുനിൽക്കുകയാണെന്നും വിദ്യാഭ്യാസമുള്ള കേരളത്തിലെ യുവാക്കൾ ജോലിയില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടി വരുന്നത് സർക്കാരിന്റെ പരാജയമാണെന്നും അവർ പറഞ്ഞു.
ശബരമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നും അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നിൽ വിധേയനായി നിൽക്കുകയുമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴ്പ്പെട്ടു നിൽക്കുമ്പോൾ മുഖ്യമന്ത്രി മോദിക്കു മുന്നിൽ സന്ധി ചെയ്യുകയാണ്. പലസ്തീനിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോഴും കർഷകർ പ്രതിസന്ധിയിലായപ്പോഴും പ്രധാനമന്ത്രി നിശബ്ദത പാലിച്ചുവെന്നും വിട്ടുവീഴ്ചയുടെ രാഷ്ട്രീയമാണ് കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Priyanka Gandhi slams Kerala Govt; says CM is corrupt and blocking her work as MP















