
വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭകർക്കെതിരെയുള്ള അടിച്ചമർത്തലുകളും വധശിക്ഷകളും ഭരണകൂടം നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, ഉടൻ ആക്രമണമില്ലെന്ന സൂചനയും ട്രംപ് നൽകി. പ്രക്ഷോഭകരെ തൂക്കിലേറ്റാൻ തങ്ങൾക്ക് നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വധശിക്ഷ കാത്തുനിന്ന 26 വയസ്സുകാരന്റെ ശിക്ഷ ഇറാൻ കോടതി ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് തുടർന്നാൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇറാൻ നിലപാട് മാറ്റിയതോടെ തൽക്കാലം ആക്രമണ നീക്കങ്ങളിൽ നിന്ന് യുഎസ് പിന്നോട്ട് പോയേക്കുമെന്നാണ് സൂചന.
പ്രക്ഷോഭകരെ തൂക്കിലേറ്റില്ലെന്ന് ഇറാൻ അറിയിച്ചെങ്കിലും, വധശിക്ഷകൾ പുനരാരംഭിച്ചാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് ആവർത്തിച്ചിട്ടുണ്ട്. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കനുസരിച്ച് ഇതുവരെ രണ്ടായിരത്തിലധികം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനിൽ ഇപ്പോഴും ഇന്റർനെറ്റ് നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞുവെന്നും തിങ്കളാഴ്ചയ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണു വിവരം.
ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം അഞ്ച് മണിക്കൂർ അടച്ചിട്ടതിന് ശേഷം, രാത്രിയോടെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറന്നു. പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടെന്നും സമരക്കാരെ കൊല്ലുന്നതു നിർത്തിയെന്നും തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചെന്നാണു ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ദിവസങ്ങളായി ഉയർന്നുനിന്ന എണ്ണ, സ്വർണവിലകളിൽ ഇടിവുണ്ടായി.
രണ്ടാഴ്ചത്തെ പ്രക്ഷോഭത്തിൽ 153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (ഹ്രന) റിപ്പോർട്ട് ചെയ്തു.
Protests in Iran are dying down; Trump hints that US will not attack soon, Iran reopens airspace













