ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 28 ന് രാവിലെ എട്ടിന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും റവന്യു വകുപ്പ് മന്ത്രി കെ രാജനും മറ്റ് മന്ത്രിമാരും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങളുടെ ആദ്യ സന്ദര്‍ശനം.
തൃശ്ശൂര്‍ മൃഗശാലയിലെ മാനുകള്‍, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ 330 മൃഗങ്ങളെയാണ് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിലേക്ക് നാലു കോടി രൂപ അഡ്വാന്‍സ് നല്‍കിയതായും മന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫെറ്റീരിയയും നാലു ഫുഡ് കിയോസ്‌ക്കുകളും ടോയ്ലറ്റ് ബ്ലോക്കുകളും സജ്ജമായതായും മന്ത്രി പറഞ്ഞു.
പെറ്റിങ് സൂ 2026 മാര്‍ച്ച് മാസത്തില്‍ പണി തുടങ്ങി മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും. ഹൈ പവര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവേശന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 5 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതിയോടെ സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടന്‍, എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപ നിരക്കിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക അല്ലെങ്കില്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ഒരാള്‍ക്ക് 30 രൂപ നിരക്കിലും പ്രവേശനം അനുവദിക്കും.
ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകള്‍ക്ക് 250 രൂപയും പാര്‍ക്കിംഗ് ഫീസായി നല്‍കണം. സ്റ്റില്‍ ക്യാമറയ്ക്ക് 350 രൂപയും വീഡിയോ ക്യാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്ക് ചുറ്റിക്കാണുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുടെ രണ്ട് നോണ്‍ എ.സി ഇലക്ട്രിക്ക് ബസ്സുകള്‍ സജ്ജമായതായും മന്ത്രി പറഞ്ഞു. ഈ ബസ്സുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്നും മന്ത്രി അറിയിച്ചു.
സുവോളജിക്കല്‍ പാര്‍ക്കിന്റെ നടത്തിപ്പിനായി അഡൈ്വസറി കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേര്‍ണിംഗ് ബോഡിയും ഉള്‍പ്പടെയുള്ള ഒരു സൊസൈറ്റി ആയിരിക്കും പ്രവര്‍ത്തിക്കുക. ആ സൊസൈറ്റിയില്‍ രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല. വകുപ്പ് മന്ത്രി അധ്യക്ഷനായി പ്രസ്തുത പോസ്റ്റുകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിക്കൊണ്ടായിരിക്കും സൊസൈറ്റിയുടെ രൂപകല്‍പ്പനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Public allowed to enter Puthur Zoological Park; Minister K. Rajan to enter from February 28









