
കാലിഫോർണിയ: കാലിഫോർണിയയിലെ ലോഡിയിൽ താമസിക്കുന്ന 27-കാരനായ ജഷൻപ്രീത് സിംഗ് ആയുധക്കടത്ത് കേസിലും നിയമവിരുദ്ധമായി മെഷീൻ ഗണ്ണുകൾ കൈവശം വെച്ച കേസിലും കുറ്റസമ്മതം നടത്തിയതായി അമേരിക്കൻ അറ്റോർണി എറിക് ഗ്രാന്റ് അറിയിച്ചു. സ്റ്റോക്ക്‌ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘പഞ്ചാബി ഡെവിൾസ് മോട്ടോർസൈക്കിൾ ക്ലബ്ബിന്റെ’ സ്ഥാപകനും നേതാവുമാണ് ജഷൻപ്രീത് സിംഗ്. ഈ സംഘത്തിന് അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധിയുള്ള ‘ഹെൽസ് ഏഞ്ചൽസ്’ എന്ന മോട്ടോർസൈക്കിൾ ഗാംഗുമായി അടുത്ത ബന്ധമുള്ളതായാണ് റിപ്പോർട്ടുകൾ.
2025 ജൂൺ മാസത്തിൽ ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥന് നിയമവിരുദ്ധമായി ആയുധങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. അന്ന് നടത്തിയ പരിശോധനയിൽ ഷോർട്ട് ബാരൽ റൈഫിൾ, മൂന്ന് അസാൾട്ട് റൈഫിളുകൾ, തോക്കുകളെ മെഷീൻ ഗണ്ണുകളാക്കി മാറ്റുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലും വാഹനത്തിലും നടത്തിയ റെയ്ഡിൽ ഗ്രനേഡുകൾ, സ്ഫോടകവസ്തുക്കൾ, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ക്ലേമോർ മൈനുകൾ എന്നിവയുൾപ്പെടെയുള്ള മാരകായുധശേഖരവും കണ്ടെത്തി.
സംഭവത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ജഷൻപ്രീത് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ വെച്ച് അധികൃതർ ഇയാളെ പിടികൂടുകയായിരുന്നു. നിലവിൽ ഫെഡറൽ കസ്റ്റഡിയിലുള്ള ഇയാൾക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത. മെയ് 11-ന് കോടതി ഇയാളുടെ ശിക്ഷ വിധിക്കും. അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കേസ് അന്വേഷിക്കുന്നത്.












