
ടെഹ്റാൻ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ടെലിഫോണിൽ ചർച്ച നടത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ക്രെംലിൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, നിലവിലെ സംഘർഷാവസ്ഥ എത്രയും വേഗം ലഘൂകരിക്കണമെന്ന റഷ്യയുടെ ശക്തമായ നിലപാട് പുടിൻ ചർച്ചയിൽ ആവർത്തിച്ചു. മേഖലയിലെ യുദ്ധസാഹചര്യം അവസാനിപ്പിക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ തേടണമെന്നാണ് റഷ്യയുടെ ഔദ്യോഗിക പക്ഷം. സൈനിക നടപടികളിലൂടെയല്ലാതെ സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുന്നതിനെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് പുടിൻ പെസെഷ്കിയനെ അറിയിച്ചു.
പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ സൈനിക സംഘർഷത്തിന്റെ ഏക ഗുണഭോക്താവ് റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി അന്റോണിയോ കോസ്റ്റ ആരോപിച്ചിരുന്നു. അമേരിക്ക-ഇസ്രായേൽ നീക്കങ്ങളും ഇറാന്റെ തിരിച്ചടിയും ആഗോളതലത്തിൽ സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി റഷ്യക്ക് വൻ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കി നൽകുന്നത്. ലോകശ്രദ്ധയും പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക ശേഷിയും യുക്രെയ്നിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് തിരിഞ്ഞത് മോസ്കോയ്ക്ക് വലിയ നയതന്ത്ര വിജയമായി മാറിയെന്നും യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ വ്യക്തമാക്കി.















