
ദോഹ: പുതിയ സൈനിക സഹകരണം പ്രഖ്യാപിക്കാനൊരുങ്ങി ഖത്തർ. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പ്രതിരോധ നിർമാണ പ്ലാന്റ് ഉടൻ പ്രഖ്യാപിക്കുമെന്ന് ഖത്തർ അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തമ്മിലുള്ള സഹകരണം നിർണായകമാണെന്നും ലോകം വലിയ ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി മുന്നറിയിപ്പ് നൽകി.
ദോഹയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കവെയാണ് ഖത്തർ പ്രതിരോധ മന്ത്രി കൂടിയായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക പങ്കാളികൾക്കൊപ്പം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷ ഉറപ്പാക്കുക, പ്രതിരോധ വ്യവസായത്തിൽ നിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാൻ യുദ്ധത്തിനിടെ ഊർജ നിലയങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളാണ് ഖത്തറിനെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പ്രേരിപ്പിച്ചത്. ആഗോള എൽഎൻജി വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ ചില ഭാഗങ്ങൾ ആക്രമണങ്ങളിൽ തകർന്നിരുന്നു. ഇതിന് പിന്നാലെ ആഗോളതലത്തിലുള്ള ചില വിതരണ കരാറുകളിൽ ഖത്തർ ദീർഘകാലത്തേക്ക് ഫോഴ്സ് മജ്യൂർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം
പ്രതിരോധ രംഗത്ത് ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിൽ സൗദി അറേബ്യയും യുഎഇയും ഇതിനകം വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇയിലെ എഡ്ജ് ഗ്രൂപ്പും സൗദി അറേബ്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളും ഈ രംഗത്ത് നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ കാര്യമായ പങ്കുവഹിച്ചതായും റിപ്പോർട്ടുകളുണ്ട്.
മേഖലയിൽ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും തുടരുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലെ സൈനിക ചെലവുകൾ വർധിച്ചുവരികയാണെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ൽ മേഖലയിലെ സൈനിക ചെലവ് ഏകദേശം 218 ബില്യൺ ഡോളറിലെത്തി. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് സൗദി അറേബ്യയാണ്. 2025ൽ രാജ്യത്തിന്റെ സൈനിക ചെലവ് 83.2 ബില്യൺ ഡോളറായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണക്ക്.










