ഒബാമ ദമ്പതികൾക്കെതിരായ വംശീയ അധിക്ഷേപ വീഡിയോ; ഡിസ്നിയുടെ ‘ദ ലയൺ കിംഗ്’ സിനിമയുമായി ബന്ധപ്പെട്ടതാണെന്ന് ട്രംപിൻ്റെ ന്യായം

വാഷിംഗ്ടൺ: മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയ അധിക്ഷേപ വീഡിയോ പങ്കുവെച്ചതിനെ വീണ്ടും ന്യായീകരിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വീഡിയോ ഇത് ഡിസ്നിയുടെ ‘ദ ലയൺ കിംഗ്’ (The Lion King) സിനിമയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ട്രംപിൻ്റെ വാദം.

കഴിഞ്ഞ ആഴ്ച ട്രംപിൻ്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട വീഡിയോയാണ് വിവാദങ്ങൾക്ക് കാരണമായത്. ഒബാമ ദമ്പതികളെയും മറ്റ് ഡെമോക്രാറ്റിക് നേതാക്കളെയും മൃഗങ്ങളായി ചിത്രീകരിച്ച വീഡിയോ വഴി വംശീയ അധിക്ഷേപത്തിനുള്ള പഴയൊരു ശൈലിയാണ് പിന്തുടർന്നത്. ഒരു ജീവനക്കാരന് സംഭവിച്ച പിഴവാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു.

വൈറ്റ് ഹൗസിൽ നടന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചടങ്ങിൽ വെച്ച്, ഈ സംഭവത്തിൽ ആർക്കെങ്കിലും എതിരെ നടപടിയെടുത്തോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. “മിസ്റ്റർ പ്രസിഡൻ്റ്, ഒബാമമാരെ ഉൾപ്പെടുത്തിയ വീഡിയോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത സ്റ്റാഫിനെ നിങ്ങൾ പുറത്താക്കുകയോ അച്ചടക്ക നടപടി എടുക്കുകയോ ചെയ്തോ?” എന്നായിരുന്നു ചോദ്യം.

“ഇല്ല, ഞാൻ ചെയ്തിട്ടില്ല,” ട്രംപ് മറുപടി നൽകി. “അത് വോട്ടർ തട്ടിപ്പിനെക്കുറിച്ചുള്ള ദൈർഘ്യമുള്ള ഒരു വീഡിയോ ആയിരുന്നു. അതിൽ ഒരു ചെറിയ ഭാഗം ലയൺ കിംഗുമായി ബന്ധപ്പെട്ടതായിരുന്നു.” ഈ വീഡിയോ തൻ്റെ അക്കൗണ്ടിൽ വരുന്നതിന് മുമ്പ് തന്നെ ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നതാണെന്നും അദ്ദേഹം വാദിച്ചു. “വോട്ടർ തട്ടിപ്പിനെക്കുറിച്ചുള്ള വളരെ ശക്തമായ ഒരു വീഡിയോ ആയിരുന്നു അത്. നിങ്ങൾ പറയുന്ന ആ ഭാഗം വർഷങ്ങളായി പ്രചാരത്തിലുള്ളതാണ്,” ട്രംപ് കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും ഇതിനെ ന്യായീകരിച്ചു. ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന ഒരു ഇൻ്റർനെറ്റ് മീം മാത്രമാണിതെന്നായിരുന്നു അവരും പറഞ്ഞത്. ഇത്തരം വ്യാജ രോഷങ്ങൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

എങ്കിലും, ഈ സംഭവം ചില റിപ്പബ്ലിക്കൻ നേതാക്കളെ ചൊടിപ്പിച്ചു. “ഇതൊരു വ്യാജ വീഡിയോ ആയിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, കാരണം ഈ വൈറ്റ് ഹൗസിൽ നിന്ന് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വംശീയമായ കാര്യമാണിത്. പ്രസിഡൻ്റ് ഇത് നീക്കം ചെയ്യണം.” പല റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും വ്യക്തിപരമായി ട്രംപിനോട് ഈ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്.

2020-ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിക്കുന്ന ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമമാരുടെ മുഖം കുരങ്ങുകളുടെ ഉടലിൽ ചേർത്തുവെച്ച ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതിനൊപ്പം ‘ദ ലയൺ സ്ലീപ്‌സ് ടുനൈറ്റ്’ (The Lion Sleeps Tonight) എന്ന ഗാനവും പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട്. താൻ വീഡിയോയുടെ ആദ്യഭാഗം മാത്രമേ കണ്ടുള്ളൂ എന്നും വംശീയ അധിക്ഷേപം അടങ്ങിയ ഭാഗം ശ്രദ്ധിച്ചില്ലെന്നുമാണ് ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല” എന്ന് പറഞ്ഞ അദ്ദേഹം മാപ്പ് പറയാൻ തയ്യാറായില്ല.

Racist video against Obama couple; Trump claims it is related to Disney’s ‘The Lion King’ movie

More Stories from this section

family-dental
witywide