
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാനുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അവിടുത്തെ ഭരണനേതൃത്വത്തെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. തനിക്ക് പാക് പ്രധാനമന്ത്രിയോടും ജനറലിനോടും വലിയ ബഹുമാനമുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിൽ ഇടപെടാൻ താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി.
അഫ്ഗാനിലെ കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ നഗരങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷം കടുപ്പമേറിയത്. തീവ്രവാദികൾക്ക് താലിബാൻ താവളമൊരുക്കുന്നു എന്നാരോപിച്ചായിരുന്നു പാകിസ്ഥാന്റെ ഈ നീക്കം. ഇരുഭാഗത്തുമായി നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 55 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെടുന്നുണ്ട്.
യുദ്ധസാഹചര്യത്തിനിടയിലും ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചിട്ടുണ്ട്. ഇതിനുമുൻപും സമാന സാഹചര്യങ്ങളിൽ ഇടപെട്ടിട്ടുള്ള ഖത്തറും സമാധാന ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.
Ready to mediate to resolve Afghan-Pak conflict, I have a great relationship with Pakistan: Trump















