അമേരിക്കയിൽ റെക്കോർഡ് ചൂട്: ചരിത്രത്തിലാദ്യമായി മാർച്ചിൽ 110 ഡിഗ്രി ഫാരൻഹീറ്റ് കടന്ന് അരിസോണ

അരിസോണ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർച്ച് മാസത്തെ താപനില അരിസോണയിൽ രേഖപ്പെടുത്തി. യുമ മരുഭൂമിയിലെ മാർട്ടിനെസ് തടാകത്തിന് സമീപമുള്ള പ്രദേശത്താണ് കഴിഞ്ഞ വ്യാഴാഴ്ച 43 ഡിഗ്രി സെൽഷ്യസ് (110 ഡിഗ്രി ഫാരൻഹീറ്റ്) ചൂട് അനുഭവപ്പെട്ടതെന്ന് നാഷണൽ വെതർ സർവീസ് (NWS) അറിയിച്ചു. 1964-ൽ ടെക്സസിലെ റിയോ ഗ്രാൻഡെയിൽ രേഖപ്പെടുത്തിയ 42 ഡിഗ്രി സെൽഷ്യസ് (108 ഡിഗ്രി ഫാരൻഹീറ്റ്) എന്ന റെക്കോർഡാണ് 60 വർഷത്തിന് ശേഷം ഇപ്പോൾ തകർക്കപ്പെട്ടത്.

ശൈത്യകാലം അവസാനിക്കുന്ന ഘട്ടത്തിൽ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ആഞ്ഞടിച്ച ശക്തമായ ഉഷ്ണതരംഗമാണ് താപനില ഇത്രയധികം ഉയരാൻ കാരണമായത്. അരിസോണയ്ക്ക് പുറമെ കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലും റെക്കോർഡ് ചൂട് രേഖപ്പെടുത്തി. കാലിഫോർണിയയിലെ നോർത്ത് ഷോറിന് സമീപം 42 ഡിഗ്രി സെൽഷ്യസും, ലാസ് വെഗാസിൽ 35 ഡിഗ്രി സെൽഷ്യസും ചൂട് അനുഭവപ്പെട്ടു. ഫീനിക്സ് നഗരത്തിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർച്ച് മാസത്തെ ചൂടാണ് (40 ഡിഗ്രി സെൽഷ്യസ്) ഇത്തവണ രേഖപ്പെടുത്തിയത്. “സീസണിന് മുമ്പേ എത്തിയ ഈ കഠിനമായ ചൂടും വിനോദസഞ്ചാരികളുടെ തിരക്കും സ്ഥിതിഗതികൾ അപകടകരമാക്കും,” എന്ന് ലാസ് വെഗാസിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണയായി മെയ് മാസാവസാനം മാത്രം അനുഭവപ്പെടാറുള്ള താപനിലയാണ് മാർച്ചിൽ തന്നെ രേഖപ്പെടുത്തിയത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.

വായുമണ്ഡലത്തിൽ ചൂടുവായു തങ്ങിനിൽക്കുന്ന ‘ഹീറ്റ് ഡോം’ (Heat Dome) പ്രതിഭാസമാണ് ഈ അസാധാരണ സാഹചര്യത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാവസായിക യുഗം ആരംഭിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള താപനില ഏകദേശം 1.1 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു കഴിഞ്ഞു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറച്ചില്ലെങ്കിൽ താപനില ഇനിയും ഉയരുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.

Record heat in America: Arizona crosses 110 degrees Fahrenheit in March for the first time in history

More Stories from this section

family-dental
witywide