അമേരിക്കയുടെ കിഴക്കൻ തീരത്ത് റെക്കോർഡ് മഞ്ഞുവീഴ്ച; 5,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി, വൈദ്യുതിയില്ലാതെ ദശലക്ഷക്കണക്കിന് ആളുകൾ

വാഷിംഗ്ടൺ: തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ശക്തമായ മഞ്ഞുവീഴ്ച ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമാവുകയും ചെയ്തു. തിങ്കളാഴ്ച മാത്രം അമേരിക്കയിലുടനീളം 5,675-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്നുള്ള 98 ശതമാനം വിമാനങ്ങളും ജെഎഫ്‌കെയിൽ നിന്നുള്ള 91 ശതമാനം വിമാനങ്ങളും റദ്ദാക്കി. ബോസ്റ്റൺ ലോഗൻ എയർപോർട്ടിൽ നിന്നും ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിൽ നിന്നും 92 ശതമാനം വിമാന സർവീസുകൾ മുടങ്ങി.

ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ച

റോഡ് ഐലൻഡ്, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ ഏകദേശം 33 ഇഞ്ച് (83 സെ.മീ) മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ 19 ഇഞ്ചിലധികം മഞ്ഞ് വീണതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂയോർക്കിൽ യാത്രകൾ അസാധ്യമായ സാഹചര്യമാണെന്ന് സംസ്ഥാന ഏജൻസി മുന്നറിയിപ്പ് നൽകി. കിഴക്കൻ തീരത്തെ ആറ് ലക്ഷത്തിലധികം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ന്യൂജേഴ്‌സി, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.

നോർത്ത് കരോലിന മുതൽ വടക്കൻ മെയിൻ വരെയും കിഴക്കൻ കാനഡയുടെ ചില ഭാഗങ്ങളിലും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ച തിങ്കളാഴ്ചയും തുടരുമെന്നും ചൊവ്വാഴ്ച രാവിലെയാകുമ്പോഴേക്കും വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ ആകെ 1 മുതൽ 2 അടി വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്.

അതേസമയം, അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ് ഐലൻഡിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ പ്രൊവിഡൻസിൽ 33 ഇഞ്ച് മഞ്ഞ് വീണു. 1978 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 28.6 ഇഞ്ച് എന്ന റെക്കോർഡാണ് ഇതോടെ തകർന്നത്. റോഡ് ഐലൻഡിലും അയൽസംസ്ഥാനമായ കണക്റ്റിക്കട്ടിലും അടിയന്തരമല്ലാത്ത യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. പിന്നീട് മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലിയും യാത്രാ നിരോധനം പ്രഖ്യാപിച്ചു. റോഡുകൾ അതീവ അപകടകരമാണെന്നും എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അവർ നിർദ്ദേശിച്ചു. മസാച്യുസെറ്റ്‌സിൽ മാത്രം മൂന്ന് ലക്ഷത്തോളം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

അതിനിടെ, ന്യൂയോർക്കിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം ഉച്ചയ്ക്ക് 12 മണിയോടെ നീക്കിയെങ്കിലും എട്ടു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരം ഏറെക്കുഴപ്പത്തിലായി. കണക്റ്റിക്കട്ടിലും ന്യൂജേഴ്സിയിലും മരങ്ങൾ കടപുഴകി വീഴുന്നത് ഗതാഗതത്തിനും വൈദ്യുതി ബന്ധത്തിനും ഭീഷണിയായി.

Record snowfall hits US East Coast, cancels more than 5,000 flights

More Stories from this section

family-dental
witywide