
ടെഹ്റാൻ: ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ യുദ്ധത്തിലെ പുതിയ കീഴ്വഴക്കമായി മാറരുതെന്ന കർശന മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി രംഗത്ത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആഗോള സംഘടനകളുടെ ഈ ശക്തമായ ഇടപെടൽ.
അവശ്യ സേവനങ്ങൾക്കും ആണവനിലയങ്ങൾക്കും നേരെയുള്ള ബോധപൂർവ്വമായ ഭീഷണികൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് റെഡ് ക്രോസ് പ്രസിഡന്റ് മിർജാന സ്പോൾജാരിക് വ്യക്തമാക്കി. പരിധികളില്ലാത്ത യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ അതിൻ്റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കുമെന്നും ആഗോള ഊർജ്ജ മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും അത് തകിടം മറിക്കുമെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചിരുന്നു.
അതേസമയം, ഊർജ്ജ നിലയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഓർമ്മിപ്പിച്ചു. യുദ്ധം മുറുകുമ്പോഴും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന മേഖലകളെ ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ആഗോളതലത്തിൽ ഉയരുന്നത്. വൻശക്തികളുടെ ഈ വാക്പോര് ലോകത്തെ വലിയൊരു സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.















