“ഇറാനിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു; ഇപ്പോൾ ഉള്ളത് പുതിയ ഭരണകൂടം, പഴയ നേതാക്കളെല്ലാം കൊല്ലപ്പെട്ടെന്ന് ട്രംപ്, വൈകാതെ കരാറിലെത്തുമെന്നും പ്രസിഡൻ്റ്

വാഷിംഗ്ടൺ: ഇറാനിൽ ഭരണമാറ്റം ലക്ഷ്യം കണ്ടുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ അദ്ദേഹം ആവർത്തിക്കുകയായിരുന്നു.

“ഇറാനിൽ ഭരണമാറ്റം നടന്നുവെന്ന് നമുക്ക് പറയാം. കാരണം പഴയ ഭരണകൂടം പൂർണ്ണമായും തകർക്കപ്പെട്ടു, അവരെയെല്ലാം വധിച്ചു കഴിഞ്ഞു,” ട്രംപ് പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ആദ്യത്തെ ഭരണകൂടം നശിപ്പിക്കപ്പെട്ടുവെന്നും രണ്ടാമത് വന്ന ഭരണകൂടവും ഏതാണ്ട് ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു. ഇപ്പോൾ നിലവിലുള്ളത് മൂന്നാമതൊരു വിഭാഗമാണെന്നും, മുൻപാരും ഇടപഴകിയിട്ടില്ലാത്ത പുതിയൊരു കൂട്ടരുമായാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.”ആദ്യത്തെ ഭരണകൂടം തിന്മ നിറഞ്ഞതായിരുന്നു. രണ്ടാമത്തേത് താൽക്കാലികമായി നിയമിക്കപ്പെട്ടവരും. അവരെല്ലാം ഇപ്പോൾ മരിച്ചു കഴിഞ്ഞു. ഒരുപക്ഷേ ഒരാൾക്ക് മാത്രമേ ഇനി ജീവൻ ബാക്കിയുണ്ടാകൂ,” ട്രംപ് പരിഹസിച്ചു. ഇറാനുമായി ഒരു പുതിയ കരാറിൽ എത്താൻ സാധിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോഴത്തെ ഭരണകൂടം കൂടുതൽ വിവേകത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും ഇറാനുമായുള്ള ചർച്ചകളെക്കുറിച്ച് അദ്ദേഹം ഒരു മുന്നറിയിപ്പും നൽകി. “ഇറാനുമായുള്ള കാര്യത്തിൽ നമുക്കൊന്നും പ്രവചിക്കാനാവില്ല. കാരണം നമ്മൾ അവരുമായി ചർച്ച നടത്തും, അതിനുശേഷം അവരെ ബോംബിട്ട് നശിപ്പിക്കേണ്ടി വരും,” ട്രംപ് പറഞ്ഞു.

ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുജ്തബ ഖമേനി കൊല്ലപ്പെടുകയോ മാരകമായി മുറവേൽക്കപ്പെടുകയോ ചെയ്തെന്ന് നേരത്തെ തന്നെ ട്രംപ് അവകാശപ്പെട്ടിരുന്നു. എങ്കിലും ഇറാൻ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.

“Regime change has occurred in Iran; there is a new regime now, all the old leaders have been killed,” Trump said, adding that a deal will be reached soon.

More Stories from this section

family-dental
witywide